കണ്ണൂർ : ‘ഈ വണ്ടിക്കൊന്നു നീങ്ങിക്കൂടെ, ഹോണടിച്ചാ പോയ്‌ക്കോളും’, വണ്ടിയുമായി റോഡില്‍ ഇറങ്ങുമ്പോള്‍ മുന്നിലുള്ള വണ്ടിക്കാരെ ഹോണടിച്ചു കാണിക്കുന്നത് നമുക്കൊരു ശീലമാണ്. നീട്ടിയും കുറച്ചും ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയുമെല്ലാം പല ടൈപ്പ് ഹോണടികള്‍ നിരത്തില്‍ നാം കേള്‍ക്കാറുണ്ട്. പല ഘട്ടങ്ങളിലും നമുക്കത് അസഹനീയമായി തോന്നുകയും ചെയ്യും. എന്നാല്‍ ഇനി ഹോണടിക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ മേട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുമെന്നുറപ്പ്.
കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിലൂടെ പായുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ഡെസിബലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് . പിടി വീണാല്‍ രണ്ടായിരം രൂപയാണ് കുറഞ്ഞ പിഴ.
ഗതാഗതക്കമീഷണര്‍ക്കും മന്ത്രിക്കുമടക്കം ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഡെസിബല്‍ എന്ന പദ്ധതിക്ക് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍ഹോണുകള്‍, മള്‍ട്ടി ടോണ്‍ ഹോണുകള്‍, നിരോധിത മേഖലകളില്‍ ഹോണ്‍മുഴക്കുന്നവര്‍ എന്നിവരെയെല്ലാം പിടികൂടി പിഴ ചുമത്താനാണ് നിര്‍ദ്ദേശം.
ഓപ്പറേഷന്‍ ഡെസിബലുമായി ബന്ധപ്പെട്ട്, ഒന്നിടവിട്ട ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉറപ്പുവരുത്താന്‍ ഗതാഗതകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോണ്‍രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു