• Wed. Dec 4th, 2024
Top Tags

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; രണ്ടു മണിക്കൂറിനകം കൊന്ന് കുഴിച്ചുമൂടിയതായി യുവതിയുടെ കുറ്റസമ്മതം.

Bydesk

Dec 20, 2021

ചേർപ്പ്: പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ബംഗാൾ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക് (40) ആണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ബംഗാൾ സ്വദേശിതന്നെയായ ഭാര്യ രേഷ്മാബീവി (30), അയൽവാസി ബീരു (33) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബർ 13 മുതൽ മൻസൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെൽ മുഖേന മൻസൂറിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഡിസംബർ 13-നുശേഷം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭർത്താവിനെ കൊന്നത് താൻതന്നെയാണെന്ന് മറ്റൊരു അതിഥി തൊഴിലാളി മുഖേന പോലീസിൽ അറിയിക്കുകയായിരുന്നു. വഴക്കിനിടെ മൻസൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പോലീസിനെ അറിയിച്ചത്.

11 വർഷമായി കേരളത്തിൽ സ്വർണപ്പണി നടത്തുന്ന മൻസൂർ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലാണ് താമസം. മുകൾനിലയിൽ മൻസൂറും കുടുംബവും താഴത്തെനിലയിൽ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വർണപ്പണിയിൽ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്. വീടിനു പിന്നിലെ പറമ്പിൽ മൃതദേഹം കുഴിച്ചിടാൻ ബീരു സഹായിച്ചുവെന്നാണ് രേഷ്മാബീവി വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തിയാൽ അവിടെത്തന്നെ മൃതദേഹപരിശോധന നടത്താനുള്ള ഒരുക്കം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.സി. ബിജുകുമാർ, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.

മൻസൂറിന്റെയും രേഷ്മയുടെയും പന്ത്രണ്ടും ഏഴും വയസ്സുള്ള ആൺകുട്ടികൾ അവർക്കൊപ്പം മുകൾനിലയിൽ ഉണ്ടായിരുന്നു. പണിക്ക് സഹായിയായി നിൽക്കുന്ന ഒരു ആൺകുട്ടി ബീരുവിനൊപ്പം താഴത്തെനിലയിലും. ഇവരെ ശിശുക്ഷേമസമിതി പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് കൊണ്ടുപോയി. കുട്ടികളുമായി പോലീസ് സംസാരിച്ചതിൽ കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും ലഭിച്ചില്ല.

വഴക്കിനിടെ കൊല നടത്തിയെന്നാണ് രേഷ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ, രണ്ടുകൊല്ലംമുമ്പുവരെ മാതാപിതാക്കൾ തമ്മിൽ വഴക്കുകൂടാറുണ്ടെങ്കിലും ശേഷം ഉണ്ടായിട്ടില്ലെന്നാണ് മൂത്തമകൻ പോലീസിനോട് പറഞ്ഞത്.

ഡിസംബർ 13-ന് രാത്രി 12 മണിയോടെയാണ് കൊല നടത്തിയതെന്നും പിറ്റേന്ന് പുലർച്ചെ നാലുമണിയോടെ കുഴിച്ചുമൂടിയെന്നും പറയുന്നു. മുകൾനിലയിൽനിന്ന് താഴെ കൊണ്ടുവന്ന് കൈക്കോട്ട് ഉപയോഗിച്ച് കുഴിയുണ്ടാക്കി മൂടിയെന്നാണ് പറയുന്നത്.

കുട്ടികൾ മാത്രമല്ല പരിസരവാസികളും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്നു പറയുന്നു. ഒരടി ആഴമുള്ള കുഴിയുണ്ടാക്കി മൃതദേഹം മറവുചെയ്തുവെന്ന് പറയുന്നു. മണ്ണിന് മുകളിൽ ചവറും മറ്റും കിടക്കുന്നതിനാൽ കുഴിച്ചുമൂടിയ ഭാഗവും വ്യക്തമല്ല. ഒരാഴ്ചയായിട്ടും പരിസരത്ത് ദുർഗന്ധമൊന്നും ഉണ്ടായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *