കണ്ണൂർ∙ ഡിസംബർ തണുപ്പിന്റെ അകമ്പടിയോടെ ക്രിസ്മസും പുതുവത്സരവും എത്തുന്നതിന്റെ ആവേശമാണു നഗരത്തിലെ കടകളിലെങ്ങും. കോവിഡ് പ്രതിസന്ധിയിൽ നിന്നു ചെറിയ രീതിയിലെങ്കിലും കരകയറാനാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ന്യൂജെൻ വർണ നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന ബോളുകളും പുൽക്കൂടുകളും വിൽപനയ്ക്കായി കടകളിൽ ഒരുങ്ങിക്കഴിഞ്ഞു.
പ്രിയം പ്ലം കേക്കിനോട്;
മാംഗോ, ചോക്ലേറ്റ്, കാരമെൽ, റെഡ് വെൽവെറ്റ് തുടങ്ങി മനംമയക്കുന്ന കേക്കുകളെല്ലാം അരങ്ങ് വാഴുമ്പോഴും ക്രിസ്മസ് വിപണിയിൽ പ്ലം കേക്കിനാണ് ഡിമാൻഡ്. വിവിധ തൂക്കത്തിലും വലുപ്പത്തിലുമുള്ള പ്ലം കേക്കുകൾ 50 രൂപ മുതൽ ആരംഭിക്കുന്നു. ലോക്ഡൗണിൽ വീടുകളിൽ ആരംഭിച്ച് ഹിറ്റായ കേക്ക് നിർമാതാക്കളും ക്രിസ്മസ് വിപണിയിൽ സജീവമാണ്. ഇത്തരത്തിൽ വീടുകളിൽ നിർമിക്കുന്ന പാഷൻ ഫ്രൂട്ട് കേക്കുകൾക്കും ആവശ്യക്കാരേറെയാണ്.
‘താരം’ എൽഇഡി തന്നെ!;
ഇത്തവണത്തെ ക്രിസ്മസ് വിപണിയിലെ താരം എൽഇഡി നക്ഷത്രങ്ങളാണ്. പ്ലാസ്റ്റിക് നക്ഷത്രങ്ങളിൽ വിവിധ വർണങ്ങളുള്ള എൽഇഡി ബൾബുകൾ ഘടിപ്പിച്ചവയ്ക്കാണ് ആവശ്യക്കാരേറെയെന്ന് വ്യാപാരികൾ പറയുന്നു. പേപ്പർ നക്ഷത്രങ്ങളെ അപേക്ഷിച്ച് വില അൽപം കൂടുതലാണെങ്കിലും ക്രിസ്മസ് ‘കളറാക്കാൻ’ ആളുകൾ ഇതു തന്നെ വാങ്ങുന്നു. 300 രൂപ മുതൽ ആയിരത്തിനടുത്തു വരെയാണ് ഇത്തരം നക്ഷത്രങ്ങളുടെ വില.
സാന്താക്ലോസിന്റെ വസ്ത്രങ്ങളുടെയും വിവിധ വലുപ്പത്തിലുള്ള രൂപങ്ങളുടെയും ആവശ്യക്കാർ കോളജ് വിദ്യാർഥികളാണ്. വാഹനത്തിൽ തൂക്കാവുന്ന തരത്തിലുള്ള ചെറിയ സാന്താക്ലോസും കടകളെ അലങ്കരിക്കുന്നു. ആവശ്യക്കാരുടെ താൽപര്യത്തിനനുസരിച്ചു മാറ്റാവുന്ന റെഡിമെയ്ഡ് പുൽക്കൂടുകളും വിപണി കീഴടക്കി കഴിഞ്ഞു. കാർഡ് ബോർഡിൽ തീർത്ത പുൽക്കൂടുകൾക്കു 90 രൂപ മുതലാണു വില.
മൾട്ടിവുഡ് പുൽക്കൂടുകളുടെ വില 200 മുതലാണ്. സ്കൂളുകൾ പഴയപോലെ പ്രവർത്തിക്കാത്തതിനാൽ പുതുവത്സര ആശംസാ കാർഡുകൾക്ക് ഡിമാൻഡ് അൽപം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. സാന്താക്ലോസ് വസ്ത്രങ്ങളും തൊപ്പിയുമായി ഇതരസംസ്ഥാന കച്ചവടക്കാരും റോഡരികിൽ സ്ഥാനം പിടിച്ചതോടെ എങ്ങും വർണകാഴ്ചകളാണ്.