മാട്ടൂൽ : മാട്ടൂൽ സൗത്ത് ബദറുപള്ളിക്ക് സമീപം യുവാവ് കുത്തേറ്റു മരിച്ചു. സൗത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന കടപ്പുറത്ത് ഹിഷാം എന്ന കോളാമ്പി ഹിഷാം (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഹിഷാമിന്റെ സഹോദരനെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയപ്പോഴാണ് വാക്‌തർക്കവും കത്തിക്കുത്തുമുണ്ടായത്. നെഞ്ചിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷക്കീബിനും (30) പരിക്കേറ്റു.
കുത്തേറ്റ ഹിഷാമിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷക്കീബ് ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ഫിഷർമെൻ കോളനിയിലെ സാജിദ് (30) ആണ് ഹിഷാമിനെ കുത്തിയതെന്ന് പഴയങ്ങാടി പോലീസ് പറഞ്ഞു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
പരേതനായ കെ.ഇ. കുഞ്ഞഹമ്മദിന്റെയും കടപ്പുറത്ത് അലീമയുടെയും മകനാണ് ഹിഷാം. സഹോദരങ്ങൾ: ഹാരിസ്, അനീസ്, അഹമ്മദ്, മുത്തലിബ്, അഫ്നാൻ, ആഷിർ, അസ്നാൻ