തൃക്കാക്കര : ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശികളായ അയ്യരകത്ത് പുതിയപുരയില്‍ മുഹമ്മദ് ഫാഹീം (25), വരമ്പുമുറിയന്‍ ചാപ്പയില്‍ ഷബീര്‍ അബ്ദുള്‍ റഹ്മാന്‍ (39), തളിപ്പറമ്പ് തൈമുറ്റത്ത് നവാസ് സിദ്ദിഖ് (31), കോട്ടയം വടവാതൂര്‍ കണിയാംപറമ്പില്‍ അലന്‍ മാത്യു വര്‍ഗീസ് (24), കണ്ണൂര്‍ ചെറുകുന്ന് അസ്മ മന്‍സിലില്‍ ഇര്‍ഷാദ് ഇബ്രാഹിം (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 24.78 ഗ്രാം എംഡിഎംഎ, 4.67 ഗ്രാം മയക്കുമരുന്ന് ഗുളിക, 7.99 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ക്രിസ്മസ്, പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കെത്തിച്ചതാണ് മയക്കുമരുന്ന്. തൃക്കാക്കര ഹെവന്‍ ഗാര്‍ഡന്‍സിലെ ഓയോ മുറിയില്‍ താമസിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടപ്പള്ളിയില്‍നിന്ന് ഡാന്‍സാഫ് ടീം അഞ്ച് ഗ്രാം എംഡിഎംഎയുമായി മറ്റൊരാളെയും പിടികൂടിയിരുന്നു. കേസെടുത്ത് വിട്ടയച്ചു.
വ്യാഴം പുലര്‍ച്ചെ സംസ്ഥാന തീവ്രവാദവിരുദ്ധ സേന (എടിഎസ്), സിറ്റി ഡാന്‍സാഫ്, ഷാഡോ പൊലീസ് എന്നിവ ചേര്‍ന്നുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തൃക്കാക്കര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.