തിരുവനന്തപുരം: ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം കഴിയുന്നതോടെ കേരളത്തിൽ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല.
ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2000ന് താഴെയാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം . പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം കുറഞ്ഞതും പ്രതിദിന രോഗികളുടെ എണ്ണം കുറയാൻ ഒരു കാരണമായിരിക്കാം. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോഗികൾ കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കൊവിഡ് രോഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും.
രോഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രികളിലടക്കം സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഓക്സിജൻ ഉൽപദനവും സംഭരണവും ഉറപ്പാക്കണം. ചികിൽസക്ക് ആവശ്യമായ കിടക്കകൾ , അത്യാഹിത സംവിധാനങ്ങൾ എന്നിവയും തയാറായിരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ ശരാശരി 26283 പേരിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഐ സി യു ചികിൽസ ആവശ്യമായി വന്നത്.
വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 97.6ശതമാനം പേരും ഒരു ഡോസ് വാക്സീനും 77ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സീനും കേരളം നൽകിയിട്ടുണ്ട്.