• Thu. Sep 19th, 2024
Top Tags

ടിക്കറ്റെടുത്താൽ പിന്നെ മിണ്ടരുത് ! ഭാഗ്യപരീക്ഷണങ്ങളായി പരിശോധന; ആശങ്കയൊഴിയാതെ വിദേശയാത്ര.

Bydesk

Jan 31, 2022

കണ്ണൂർ: വിമാനത്താവളത്തിലെ കോവിഡ് പരിശോധന, 48 മണിക്കൂർ മുൻപത്തെ കോവിഡ് പരിശോധന, ക്വാറന്റീൻ, ഇടയ്ക്കിടെ മാറുന്ന മാർഗനിർദേശങ്ങൾ.. കോവിഡ് കാലത്ത് വിമാനയാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രവാസികൾക്ക് ആശങ്കകൾ ഏറുകയാണ്. ഓരോ യാത്രയിലും പതിനായിരങ്ങൾ ടിക്കറ്റിനായി മുടക്കുന്ന പ്രവാസികൾക്ക് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും സർക്കാരുകളുമെല്ലാം ഒരുക്കുന്നത് സൗകര്യങ്ങളല്ല, കുരുക്കുകളാണെന്ന് തെളിയിക്കുകയാണ് ഇവരുടെ അനുഭവങ്ങൾ. ഒരേ വീട്ടിൽ നിന്നു വരുന്നവരിൽ ഒന്നോ രണ്ടോ പേർ മാത്രം കോവിഡ് പോസിറ്റീവാകുന്നതാണ് കുടുംബസമേതം വിദേശ യാത്രയ്ക്ക് വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കുന്നത്.

കോഴിക്കോട് വഴി ജിദ്ദയിലേക്കു പോയ കണ്ണൂർ സ്വദേശി ടിക്കറ്റും 5 ദിവസത്തെ ക്വാറന്റീനും ഉൾപ്പെടെ രണ്ടാഴ്ച മുൻപ് നൽകിയത് 80,000 രൂപ. ജിദ്ദയിൽ എത്തുന്നതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്വാറന്റീൻ സൗകര്യമൊരുക്കിയ ‘ഹോട്ടലിൽ’ എത്തിയതോടെ കാര്യങ്ങൾ മാറി. ത്രീ സ്റ്റാർ സൗകര്യത്തോടെയുള്ള താമസമായിരുന്നു എയർലൈൻ കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ ക്വാർട്ടേഴ്സ് എന്നു തോന്നിക്കുന്ന കെട്ടിടത്തിലാണ് താമസിപ്പിച്ചത്. കുടിക്കാൻ വെള്ളംപോലും ചോദിച്ചു വാങ്ങേണ്ടി വന്നു. നാട്ടിൽ വിളിച്ച് ബന്ധുക്കൾ എയർലൈൻ കമ്പനിയിൽ വിളിച്ച് നിരന്തരം പരാതിപ്പെട്ട ശേഷമാണ് ഭേദപ്പെട്ട ഭക്ഷണം പോലും ലഭിച്ചത്.

ഹോട്ടൽ മാറ്റി താമസം നൽകുന്നത് എയർലൈൻ കമ്പനികൾ പതിവാക്കിയതായി അനുഭവസ്ഥർ പറയുന്നു. ഇന്നലെ കോഴിക്കോട് വഴി ദമാമിൽ എത്തിയ തലശ്ശേരി സ്വദേശികൾക്ക് വാഗ്ദാനം ചെയ്ത ത്രീ സ്റ്റാർ ഹോട്ടലിനു പകരം ക്വാറന്റീനിനായി നൽകിയത് കുടുസുമുറി. താമസിപ്പിച്ച മുറിയിൽ വൈദ്യുതി പോയിട്ടു മണിക്കൂറുകളായെന്നാണ് ഇന്നലെ രാത്രി വീട്ടിലേക്കു വിളിച്ച് ഇവർ അറിയിച്ചതെന്നു ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം ദമാമിൽ എത്തിയ ഭാര്യയ്ക്ക് ക്വാറന്റീനിന് അനുവദിച്ചതായി നേരത്തേ അറിയിച്ചിരുന്ന ത്രീ സ്റ്റാർ ഹോട്ടലിനു സമീപം കാത്തു നിന്ന തലശ്ശേരി സ്വദേശിയായ ഭർത്താവിനു പറയാനുള്ളതും സമാനമായ അനുഭവം. ബുക്കിങ് ഇല്ലെന്ന് ഹോട്ടലിൽ നിന്ന് പറഞ്ഞതോടെ ആശങ്കയായി. ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അവരെ കൊണ്ടുപോകുന്നത് മറ്റൊരു ഹോട്ടലിലേക്കാണെന്നു മനസ്സിലായത്. ആ ഹോട്ടൽ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ലോഡ്ജ് മുറിയേക്കാൾ ദയനീയമായ താമസ സൗകര്യം.

ഇനി അഞ്ചു ദിവസം ഇവർ അവിടെ കഴിയുകയേ രക്ഷയുള്ളൂ. നേരത്തേ ബുക്ക് ചെയ്തു എന്നറിയിച്ച ത്രീ സ്റ്റാർ ഹോട്ടൽ ‘കോവിഡ്’ കാരണം അടച്ചുവെന്ന പച്ചക്കള്ളമാണ് എയർലൈനുമായി ബന്ധപ്പെട്ടവർ പറഞ്ഞതെന്നും ഭർത്താവ് പറയുന്നു.മാതാപിതാക്കളും രണ്ടു കുട്ടികളും ഉൾപ്പെടെ നാലുപേർക്ക് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കു പോകാൻ ടിക്കറ്റെടുത്തത് നാലാഴ്ച മുൻപാണ്. 48 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ പരിശോധനാ ഫലം ഇന്നലെ രാവിലെ കിട്ടി. നെഗറ്റീവായതിനാൽ ധൈര്യപൂർവം ഉച്ചയോടെ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വീണ്ടും നാലു പേർക്കും റാപിഡ് പരിശോധന.

കൂട്ടത്തിൽ ഒരാൾ പോസിറ്റീവ്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും നെഗറ്റീവ് ! നാലുപേരുടെയും യാത്ര മുടങ്ങി. ഭർത്താവിന് പിറ്റേദിവസം ജോലിക്ക് കയറണം. യാത്ര മുടങ്ങിയതോടെ അതും മുടങ്ങി. ഇനിയും 10–15 ദിവസമെങ്കിലും അധിക അവധി ചോദിക്കണം. ഡേറ്റ് ചേഞ്ച് പെനൽറ്റിയായി 4500 രൂപ നൽകേണ്ടി വന്നു. ഇനി അടുത്ത യാത്രയ്ക്ക് വീണ്ടും 48 മണിക്കൂർ മുൻപത്തെ ആർടിപിസിആർ പരിശോധന, വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ്, വിമാനത്താവളത്തിലേക്കുള്ള യാത്ര ഇതിനെല്ലാം പണം മുടക്കണം. അപ്പോഴും യാത്ര നടക്കുമോ എന്ന കാര്യത്തിൽ ‘ഫലത്തിൽ’ ഒരു ഉറപ്പുമില്ല.

ടിക്കറ്റെടുത്താൽ പിന്നെ മിണ്ടരുത് ! വേണം കസ്റ്റമർ കെയർ സൗകര്യം;

വിദേശയാത്രയ്ക്ക് വിമാന ടിക്കറ്റ് എടുത്തു കഴി‍ഞ്ഞാൽ പിന്നീട് ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാത്ത നയമാണ് പലപ്പോഴും വിമാനക്കമ്പനികൾ സ്വീകരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. കോവിഡ് സാഹചര്യമായതിനാൽ പോസിറ്റീവായാൽ യാത്ര മാറ്റിവയ്ക്കേണ്ടിവരുമ്പോൾ എന്തുചെയ്യണമെന്നോ, ഗ്രൂപ്പ് ടിക്കറ്റുകളിൽ കൂട്ടത്തിൽ ഒരാൾ പോസിറ്റീവായാൽ എന്തു ചെയ്യുമെന്നോ തുടങ്ങി നൂറു നൂറു ചോദ്യങ്ങളാണ് ഓരോ യാത്രക്കാരനും ചോദിക്കാനുള്ളത്.

എന്നാൽ കൃത്യമായ കസ്റ്റമർ കെയർ സേവനം ലഭ്യമാകാത്തതിനാൽ ടിക്കറ്റ് എടുത്ത ശേഷം എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമായി വന്നാൽ നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. എയർഇന്ത്യ എക്സ്പ്രസ് പോലുള്ള അപൂർവം കമ്പനികൾ മാത്രമാണ് പിഴ ഒഴിവാക്കി ടിക്കറ്റ് മാറ്റി നൽകാൻ തയാറാകുന്നതെന്ന് ട്രാവൽ ഏജൻസികളും പറയുന്നു.

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുന്നതും യാത്രക്കാർക്ക് കടുത്ത മാനസിക സമ്മർദമാണ് സൃഷ്ടിക്കുന്നത്. ആഭ്യന്തര യാത്രകളെയാണ് വിമാനം റദ്ദാക്കൽ കൂടുതലും ബാധിക്കുന്നതെങ്കിലും കണക്‌ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഉദ്ദേശിച്ച് എടുത്ത ടിക്കറ്റാണെങ്കിൽ കാര്യങ്ങൾ ആകെ കുഴയും. വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുന്നതോടെ തുടർ യാത്രകളും അനുബന്ധകാര്യങ്ങളുമെല്ലാം പുനക്രമീകരിക്കേണ്ടിവരും. അവസാന നിമിഷത്തെ സർവീസ് റദ്ദാക്കലുകളിലൂടെ കടുത്ത മാനസിക   സമ്മർദത്തിലേക്ക് തള്ളിവിടുന്നത് അവസാനിപ്പിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.

യാത്ര മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുമ്പോൾ തുക തിരികെ നൽകുന്നതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ക്വാറന്റീൻ ആവശ്യമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഹോട്ടൽ ബുക്കിങ് എയർലൈൻ കമ്പനികൾ കുത്തകയാക്കി വയ്ക്കരുതെന്നും യാത്രക്കാർക്കോ ട്രാവൽ ഏജൻസികൾക്കോ ഹോട്ടലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യവും പ്രവാസികൾ ഉയർത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *