• Thu. Sep 19th, 2024
Top Tags

മന്ത്രി അറിയാൻ, ഈ മുത്തശ്ശിപ്പാലം സംരക്ഷിക്കപ്പെടണം.

Bydesk

Jan 31, 2022

ഇരിട്ടി: കൂട്ടുപുഴ പാലം ഉദ്ഘാടനത്തിനായി മന്ത്രി മുഹമ്മദ്‌ റിയാസ് തിങ്കളാഴ്ച ഇരിട്ടി പുതിയ പാലത്തിലൂടെ പോവുമ്പോൾ തൊട്ടടുത്തായി നിലകൊള്ളുന്ന ബ്രിട്ടീഷുകാർ പണിത, വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുപഴയ പാലമുണ്ട്. ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊണ്ടിരുന്ന പ്രൗഢഗംഭീരമായ മുത്തശ്ശിപ്പാലം. അന്തർ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഭാരം താങ്ങി തളർന്ന ഈ പാലത്തിന്റെ സംരക്ഷണത്തിന് മലയോര ജനത മുറവിളി തുടങ്ങിയിട്ട് വർഷങ്ങളേറെയായി.1933ൽ ബ്രിട്ടീഷുകാർ പണിത ചരിത്ര നിർമിതി സംരക്ഷണമില്ലാതെ ഓരോദിവസം ചെല്ലുന്തോറും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്​. ഇരിട്ടിയിൽ പുതിയപാലം യാഥാർഥ്യമായ വേളയിൽ ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊണ്ടിരുന്ന പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. ആരിലും വിസ്മയവും കാതുകവുമുണർത്തുന്ന പാലം പൊളിച്ചു കളയാതെ ചരിത്രശേഷിപ്പായി നിലനിർത്തണമെന്ന് പുതിയ പാലം പണി തുടങ്ങിയ ഘട്ടത്തിൽ ഇരിട്ടിയെ സ്നേഹിക്കുന്നവരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പഴയ പാലത്തിന്റെ ചരിത്ര പ്രധാന്യവും നിർമാണരീതിയും പുതുതലമുറക്ക് പാഠമാകുന്ന വിധത്തിൽ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടർന്ന് പാലം സംരക്ഷിത സ്മാരകമായി നിലനിർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ്​​അധികൃതരും പ്രഖ്യാപിച്ചിരുന്നു. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു പുതിയ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയ പൊതുമരാമത്ത് അധികൃതർ മേഖലയിലെ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നൽകിയ വാഗ്​ദാനം. ബ്രിട്ടീഷ് ഭരണകാലത്ത് കുടകിൽ നിന്നും കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിത പാലം കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് പോറൽ ഏൽക്കാതെ ഇന്നും നിലനിൽക്കുന്നത്. പാലം പൈതൃകമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ നിർമാണ വിഭാഗത്തിന് കെ.എസ്‌.ടി.പി നിർദേശം നൽകിയിരുന്നു. എന്നാൽ, വർഷം ഒന്ന് തികയാറായെങ്കിലും ഇതുവരെ മറ്റ് നടപടികളൊന്നുമായിട്ടില്ല. ഒരു നൂറ്റാണ്ട് തികയാൻ 11 വർഷം മാത്രം ബാക്കിയിരിക്കെ ലക്ഷക്കണക്കിന് ഭാരവാഹനങ്ങളും യാത്രവാഹനങ്ങളും കടന്നുപോയ ഈ ഉരുക്കുപാലം ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ്. പുതിയ പാലം യാഥാർഥ്യമായിട്ടും ഇന്നും ഈ പാലത്തിലൂടെയാണ് ബസുകളും ഭാരം കയറ്റിയ വാഹനങ്ങളും ഒരുഭാഗത്തേക്ക് സ്ഥിരമായി പോകുന്നത്. ഇരിട്ടിയിൽ നിന്ന്​ ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പഴയ പാലം വഴിയാണ് പോകുന്നത്. മുൻ കാലങ്ങളിൽ എല്ലാവർഷവും പാലത്തിന് അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തിയിരുന്നു. എന്നാൽ, തലശ്ശേരി -വളവുപാറ റോഡ് നിർമാണപ്രവൃത്തി കരാർ ചെയ്തതു മുതൽ ഈ പ്രവൃത്തി നിലച്ചു. പുതിയ പാലം നിർമാണത്തിന്റെ പേരു പറഞ്ഞ് കാലാകാലം ചെയ്യേണ്ട ചെറിയ അറ്റകുറ്റപ്പണി പോലും അധികൃതർ നിർത്തി. ഇതോടെ പാലത്തിന്റെ ഇരുമ്പുപാളികൾ മുഴുവൻ തുരുമ്പെടുത്ത് നാശത്തിലേക്ക് നീങ്ങുകയാണ്. വലിയ യാത്രവാഹനങ്ങളും ചരക്ക് ലോറികളും മറ്റും ഇടിച്ചും കുടുങ്ങിയും നിരവധിയിടങ്ങളിൽ ഇത്തരം ഇരുമ്പു പാളികളിൽ പൊട്ടലും സ്ഥാനചലനവും ഉണ്ടായിട്ടുണ്ട് . ഇവയൊക്കെ പൂർവാവസ്ഥയിൽ ആക്കേണ്ടതുണ്ട്. ഉടൻ ഇവ അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിക്കാത്ത പക്ഷം പാലത്തിന്റെ നാശമാവും ഫലം. കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകളും പാളികളും കൊണ്ട് മേൽക്കൂരയിൽ ഭാരം ക്രമീകരിക്കുന്ന നിലയിൽ നിർമിച്ച ഈ മനോഹര നിർമിതി ഉപയോഗിച്ച് ഇരിട്ടിക്കായി ടൂറിസകേന്ദ്രം നിർമിക്കാൻ കഴിയും. പഴശ്ശി ജലാശയത്തിന് മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത് എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.ഇതോടൊപ്പം പഴശ്ശി ജലാശയത്തിൽ ബോട്ട് സർവിസ് കൂടി ആരംഭിക്കുന്ന പക്ഷം കൂടുതൽ ടൂറിസ്റ്റുകളെ മലയോരത്തേക്ക് ആകർഷിക്കുവാൻ കഴിയും. കണ്ണൂർ വിമാനത്താവളം യഥാർഥ്യമായതോടെ രാജ്യാന്തര ടൂറിസ്റ്റുകളെ ഇരിട്ടി പട്ടണത്തിലേക്ക് കൊണ്ടുവരാനും ഇത് ഉതകും. അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തി മലയോരത്തിന്റെ പൈതൃക പ്രതീകമായ ഈ ചരിത്രനിർമിതിയെ സംരക്ഷിക്കണമെന്നാണ് ഇരിട്ടിക്കാർ മന്ത്രിയോട് ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *