• Thu. Sep 19th, 2024
Top Tags

കണ്ണൂരിൽ നിന്ന് ബെംഗളൂരു വരെ ദേശീയപാത; 10 വരിയുള്ള സാമ്പത്തിക ഇടനാഴി, ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ നേട്ടം…

Bydesk

Feb 28, 2022

കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെ വടക്കേ മലബാറും കർണാടകയിലെ കുടക്, ഹാസൻ ജില്ലകളും ഏറെ പ്രതീക്ഷയിലാണ്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാൽ മൈസൂരു–കുടക് എംപി പ്രതാപ് സിംഹയും വീരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയും മുൻകയ്യെടുത്താണു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പാതയ്ക്ക് അനുമതി വാങ്ങിയത്.

കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽ നിന്നു തുടങ്ങി ഹോൾനരസിപ്പുര – അർക്കൽഗുഡ് – ഷാനിവരസന്തെ – സോമവാർപേട്ട – മഡാപുര – മടിക്കേരി – മൂർനാട്– വീരാജ്പേട്ട വഴി കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിനു സമീപം അവസാനിക്കുന്ന റോഡാണു ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്. പാതയുടെ നീളം 183 കിലോമീറ്ററാണ്. 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൂട്ടുപുഴ പാലം കൂടി തുറന്ന സാഹചര്യത്തിൽ റോഡ് വികസനം വേഗത്തിലാക്കണമെന്ന ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.  നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചെയർപഴ്സൻ അൽക്ക ഉപാധ്യായയെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി സന്ദർശിച്ച മൈസൂരു-കുടക് എംപി പ്രതാപ് സിംഹ റോഡിന്റെ കാര്യത്തിൽ സജീവമായ ഇടപെടൽ വേണമെന്ന അഭ്യർഥിച്ചതും പ്രതീക്ഷ പകരുന്നു.

കണ്ണൂരിൽ നിന്ന് ബെംഗളൂരു വരെ ദേശീയപാത

ബെംഗളൂരു–മൈസൂരു ദേശീയപാതയെ 10 വരിയുള്ള സാമ്പത്തിക ഇടനാഴിയായി ഉയർത്തുന്ന പദ്ധതി 2022 സെപ്റ്റംബറിൽ‍ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 6 വരി പ്രധാനപാതയും 4 സർവീസ് റോഡുകളും ഉൾപ്പെടുന്ന ഇടനാഴി യാഥാർഥ്യമാകുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. മൈസൂരു മടിക്കേരി ദേശീയപാതയുടെ വികസന പ്രവൃത്തി അടുത്ത ജൂണിൽ തുടങ്ങുമെന്നു കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

3883 കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്നു ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും മാക്കൂട്ടയ്ക്കും ഇടയിലുള്ള പാതയ്ക്കു കൂടി ദേശീയപാത പദവി ലഭിക്കുന്നതോടെ ബെംഗളൂരുവിനും കണ്ണൂരിനും ഇടയിലെ റോഡ് പൂർണമായും ദേശീയപാതയായി മാറും. കൂട്ടുപുഴയ്ക്കും മേലേചൊവ്വയ്ക്കും ഇടയിലുള്ള റോഡിനെ ദേശീയപാതയായി ഉയർത്താൻ ഗഡ്കരിയുമായി കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. ‌

ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ നേട്ടം

കുടക്, ഹാസൻ മേഖലകളിൽ നിന്നു പച്ചക്കറികൾ ഉൾപ്പെടെ ഒട്ടേറെ ചരക്കു വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ജോലി ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി കുടക്, മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്കു നിരന്തരം യാത്ര ചെയ്യുന്നവർക്കും റോഡ് വികസനം വലിയ അനുഗ്രഹമാകും. ദേശീയപാതയായി ഉയരുന്നതോടെ കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം എന്നിവയുടെ പ്രയോജനം കുടക്,  ഹാസൻ മേഖലകൾക്കും പൂർണമായും ലഭിക്കും. കുടക് മേഖലയിലെ വിനോദസഞ്ചാരത്തിനും കാപ്പിയും കുരുമുളക്, ഇഞ്ചി, മ‍ഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്കും വഴിയൊരുങ്ങും. നിലവിൽ റോഡ് മാർഗം മംഗളൂരുവിലോ കൊച്ചിയിലോ എത്തിച്ചാണു കാപ്പി ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നത്. കൂട്ടുപുഴ പാലം കൂടി യാഥാർഥ്യമായ സാഹചര്യത്തിൽ കണ്ടെയ്നർ ലോറികൾക്ക് അഴീക്കൽ തുറമുഖത്തേക്ക് സുഗമമായി എത്താൻ സാധിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *