• Thu. Sep 19th, 2024
Top Tags

ഒരു നഗരം കൂടി പിടിച്ചെടുത്തു; റഷ്യന്‍ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈന്‍

Bydesk

Feb 28, 2022

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനാല്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ അറിയിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് മുഴുവന്‍ റഷ്യന്‍ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയില്‍ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികളും അറിയിച്ചിരുന്നു. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കിയതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന വല്‍ദിമിര്‍ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രൈന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, പുടിന്റെ പരാമര്‍ശത്തില്‍ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *