ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠിയുടെയും ഐഡന്‍ മാര്‍ക്രത്തിന്റെയും അര്‍ധ സെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175. ഹൈദരാബാദ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176.
കോല്‍ക്കത്ത ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തില്‍തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ (3) നഷ്ടമായി. അധികം വൈകാതെ നായകന് കെയ്ന്‍ വില്യംസണും (17) പവലിയന് കയറി. പിന്നീട് രാഹുല്‍ ത്രിപാഠിയും ഐഡന്‍ മാര്‍ക്രവും ചേര്‍ന്ന് കോല്‍ക്കത്ത ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ചു. സ്കോര്‍ 133ല്‍ എത്തിയപ്പോള്‍ അന്ദ്രെ റസലിനു മുന്നില്‍ ത്രിപാഠി വീണു. 37 പന്തില്‍ ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടെ 71 റണ്‍സായിരുന്നു ത്രിപാഠിയുടെ സന്പാദ്യം. ത്രിപാഠിക്കു പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരനെ കാഴ്ചക്കാരനായി മാര്‍ക്രം വെടിക്കെട്ട് പ്രടകനം കാഴ്ച വച്ചു. 36 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 68 റണ്‍സുമായി പുറത്താകാതെ മാര്‍ക്രം ഹൈദരാബാദിന് ജയം സമ്മാനിച്ചു. കോല്‍ക്കത്തയ്ക്കായി റസല്‍ രണ്ട് വിക്കറ്റ് നേടി. നിതീഷ് റാണയുടെയും ആന്ദ്രെ റസലിന്റെയും മിന്നും പ്രകടനമാണ് കോല്‍ക്കത്തയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. അതേസമയം ഹൈദരാബാദ് ബൗളര്‍മാരുടെ മുന്നില്‍ കോല്‍ക്കത്തയുടെ ഓപ്പണറുമാരായ വെങ്കിടേഷ് അയ്യരും (6) ആരോണ്‍ ഫിഞ്ചും (7) പരാജയപ്പെട്ടു. ഇതോടെ നായകന് ശ്രേയസ് അയ്യര്‍ വലിയ അടികള്‍ക്ക് മുതിരാതെ സ്കോര്‍ പതുകെ ഉയര്‍ത്തി. 25 പന്തില്‍ 28 റണ്‍സെടുത്താണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്. ഇതിനിടെ സുനില്‍ നരെയ്നെയും (6) കോല്‍ക്കത്തയ്ക്ക് നഷ്ടമായി. നിതീഷ് റാണെ 36 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 54 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റസല്‍ 25 പന്തില്‍ നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉംറാന്‍ മാലിക് രണ്ട് വിക്കറ്റും നേടി.