• Fri. Sep 20th, 2024
Top Tags

നിർണായക മത്സരത്തിൽ ജയം നേടി രാജസ്ഥാൻ പ്ലേ ഓഫിനടുത്ത്

Bydesk

May 16, 2022

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീം 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 154 റണ്‍സിന് ഒതുക്കി വിജയം നേടിയപ്പോള്‍ റണ്‍ റേറ്റില്‍ ലക്നൗവിനെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. 24 റണ്‍സ് ജയത്തോടെ 16 പോയിന്റിലേക്ക് രാജസ്ഥാന്‍ എത്തി. അവസാന മത്സരത്തില്‍ ലക്നൗവിന് കൊല്‍ക്കത്തയും രാജസ്ഥാന് ചെന്നൈയുമാണ് എതിരാളികള്‍. അതില്‍ വിജയിച്ച്‌ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടക്കാനാകം ഇരു ടീമുകളും ലക്ഷ്യം വയ്ക്കുന്നത്.

ബോള്‍ട്ട് ക്വിന്റണ്‍ ഡി കോക്കിനെയും ആയുഷ് ബദോനിയെയും പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. 29/3 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ദീപക് ഹൂഡയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. അശ്വിനാണ് ക്രുണാല്‍ പാണ്ഡ്യയെ(25) വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തത്. തന്റെ നാലോവറില്‍ വെറും 24 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

ഹുഡ തന്റെ അര്‍ദ്ധ ശതകം നേടി രാജസ്ഥാന് തലവേദനയാകുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 16ാം ഓവറിലെ അവസാന പന്തില്‍ ചഹാലിന്റെ ഓവറില്‍ സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 39 പന്തില്‍ 59 റണ്‍സായിരുന്നു താരം നേടിയത്. അടുത്ത ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒബേദ് മക്കോയിക്ക് വിക്കറ്റ് നല്‍കിയതോടെ ലക്നൗവിന് കാര്യങ്ങള്‍ പ്രയാസമായി മാറി. എന്നാല്‍ ക്രീസില്‍ മാര്‍ക്ക് സ്റ്റോയിനിസിന്റെ സാന്നിദ്ധ്യം ടീമിന് പ്രതീക്ഷയായി നിലകൊണ്ടു. അതേ ഓവറില്‍ മക്കോയി ചമീരയെയും പുറത്താക്കിയതോടെ ലക്നൗവിന് 7 വിക്കറ്റ് നഷ്ടമായി. ഓവറില്‍ വെറും നാല് റണ്‍സ് വിട്ട് നല്‍കിയാണ് മക്കോയി 2 വിക്കറ്റ് നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 59 റണ്‍സായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. ചഹാല്‍ എറിഞ്ഞ ഓവറില്‍ സ്റ്റോയിനിസ് നേടിയ സിക്സ് അടക്കം 10 റണ്‍സ് വന്നപ്പോള്‍ 12 പന്തില്‍ 49 ആയി ലക്ഷ്യം മാറി. അവസാന ഓവറില്‍ 34 റണ്‍സായിരുന്നു ജയത്തിനായി ലക്നൗ നേടേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പ്രസിദ്ധ് കൃഷ്ണയെ സിക്സര്‍ പറത്തിയ സ്റ്റോയിനിസിന് എന്നാല്‍ തൊട്ടടുത്ത പന്തില്‍ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. 27 റണ്‍സായിരുന്നു സ്റ്റോയിനിസ് നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *