• Thu. Sep 19th, 2024
Top Tags

അപകടം ഇനി വഴി മാറും; റെയിൽവേ സ്റ്റേഷനിൽ പാളങ്ങൾക്കു മുകളിലൂടെയുള്ള നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ

Bydesk

Jun 30, 2022

എടക്കാട് ∙ റെയിൽവേ സ്റ്റേഷനിൽ പാളങ്ങൾക്കു മുകളിലൂടെ നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ. പാലം യാത്രക്കാർക്കു തുറന്നു കൊടുക്കുന്നതോടെ നാലു പാളങ്ങൾ മുറിച്ചു കടക്കുമ്പോഴുള്ള അപകട ഭീഷണി ഒഴിവാകും. സ്റ്റേഷനിലെ മൂന്നു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു നിർമിച്ച നടപ്പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ വേലിയും മേൽക്കൂരയും നിർ‌മിക്കുന്നുണ്ട്. കോൺക്രീറ്റ് പടികളാണ് ഇനി നിർമിക്കേണ്ടത്. ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവൃത്തിയും പൂർത്തിയാകും.

എടക്കാട് റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് റെയിൽവേ ഗുഡ്സ് ഷെഡുള്ളതിനാൽ ചരക്ക് വാഗണുകൾ സ്റ്റേഷനിൽ പതിവാണ്. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിലേക്കു ധാന്യങ്ങളും മറ്റ് ഗോഡൗണുകളിലേക്ക് സിമന്റും മറ്റും എടക്കാട് സ്റ്റേഷനിലാണ് എത്തുന്നത്. ഇതുകൊണ്ട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുകൾക്കു ദിവസം മുഴുവൻ സ്റ്റേഷനിൽ നിർത്തേണ്ടി വരും.

 

ഇതുകാരണം യാത്രക്കാർ ബോഗികൾക്കടിയിലൂടെ പാളം മുറിച്ചു കടക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. ഇതു പലപ്പോഴും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. അപകടങ്ങൾ വർധിച്ചപ്പോൾ യാത്രക്കാർക്കു വാഗണുകൾക്കടിയിലൂടെ കുനിഞ്ഞു പാളം മുറിച്ചു കടക്കേണ്ട ദുരിതം ഒഴിവാക്കാൻ സ്റ്റേഷൻ അധികൃതർ ബോഗികൾ തമ്മിൽ വേർപെടുത്തി വയ്ക്കാനും തുടങ്ങി. നടപ്പാലം പൂർത്തിയാകുന്നതോടെ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാകുമെന്നതു യാത്രക്കാർക്കും സ്റ്റേഷൻ അധികൃതർക്കും ആശ്വാസമാണ്.

വരുമോ ചാലയിലെ നടപ്പാലം?

 

ചാല ∙ നടാൽ, എടക്കാട്, ചാല മേഖലയിൽ യാത്രക്കാർ റെയിൽപാളം മുറിച്ചു കടക്കുമ്പോഴുള്ള അപകടങ്ങൾ ഏറെയാണ്. തിങ്കളാഴ്ച വൈകിട്ട് നടാലിൽ നിന്നു ജോലിയും കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചതാണ് അവസാനത്തേത്. നടാലിൽ ഇതിനു മുൻപും സമാന അപകടങ്ങൾ നടന്നിട്ടുണ്ട്. ചാലക്കുന്നിൽ റെയിൽവേ കട്ടിങ്ങിന് സമീപം ബൈപാസിൽ നിന്ന് തോട്ടട ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴി റെയിൽപാളം കുറുകെ കടന്നാണു പോകേണ്ടത്.

കൂത്തുപറമ്പ്, ചക്കരക്കല്ല് ഭാഗത്തു നിന്നു വരുന്ന വിദ്യാർഥികളും ചാല, കിഴുത്തള്ളി, ആറ്റടപ്പ ഭാഗത്തു നിന്നുള്ള വിദ്യാർഥികളും തോട്ടട ഗവ.ഐടിഐ, പോളി ടെക്നിക്കൽ സ്കൂൾ, എസ്എൻ കോളജ് എന്നിവിടങ്ങളിലേക്കു പോകുന്നത് റെയിൽപാളം കുറുകെ കടന്നാണ്. വിദ്യാർഥികൾക്കടക്കം ഇവിടെ നിന്ന് ട്രെയിൻ തട്ടി പരുക്കേറ്റ സംഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്.

നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിവേദന പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചു പാളങ്ങൾക്കു മുകളിലൂടെ നടപ്പാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. നടപ്പാലം നിർമിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചെങ്കിലും പ്രാരംഭ നടപടികൾ പോലും നടന്നിട്ടില്ല. റെയിൽപാളം കുറുകെ കടക്കുമ്പോൾ അപകടം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *