• Wed. Sep 25th, 2024
Top Tags

കോഴിക്കോട് വൻ കഞ്ചാവ് വേട്ട: യുവാക്കൾ അറസ്റ്റിൽ

Bydesk

Jul 1, 2022

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കളെ കോഴിക്കോട് ഡൻസാഫും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പന്ത്രണ്ട് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായത്.

ആന്ധ്രയിൽ നിന്നും റോഡ് മാർഗം പെരിന്തൽമണ്ണയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം ആവശ്യക്കാർ എത്തിച്ചുകൊടുക്കുന്നതാണ് രീതി. പൊലീസിനെ കബളിപ്പിക്കാൻ പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകാറാണ് പതിവ്. തിരൂർ നിന്നും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിലും വാടകയ്ക്ക് എടുക്കുന്ന കാറിലും ബൈക്കിലുമായാണ് കഞ്ചാവ് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *