• Sat. Sep 21st, 2024
Top Tags

ജീവനക്കാരില്ലാതെ രോഗികൾക്ക് സൗകര്യമില്ല; ജീവനക്കാരെ നിയമിക്കാൻ അധികൃതർക്കും

Bydesk

Sep 21, 2022

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കു വേണ്ടതു സർക്കാരിന്റെ പാഴ്‌വാഗ്ദാനങ്ങളല്ല, ചികിത്സയാണ്. സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ജനം പറയും ഇതു സർക്കാരിന്റെ പിടിപ്പുകേടാണെന്ന്, ആരോഗ്യമന്ത്രിയുടെ കഴിവുകേടാണെന്ന്. അങ്ങനെ പറയുമ്പോൾ കണ്ണുരുട്ടി പേടിപ്പിച്ചിട്ടോ, സാങ്കേതികത്വം പറഞ്ഞു തലയൂരാൻ ശ്രമിച്ചിട്ടോ കാര്യമില്ല. കാരണം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് 4 വർഷം കഴിഞ്ഞിട്ടും ഡോക്ടർമാരും നഴ്സുമാരുമടക്കം ജീവനക്കാരുടെ വലിയ കുറവുണ്ടിവിടെ.

എമർജൻസി വിഭാഗമടക്കമുള്ളവയിൽ നിയന്ത്രിക്കാനാകാത്ത തിരക്കാണ്. എന്നാൽ ഇവിടെയുള്ളത് ആവശ്യമായ ജീവനക്കാരുടെ മൂന്നിലൊന്നു മാത്രം.പിജി സീറ്റുകൾ കുറവായതാണ് മറ്റൊരു പ്രതിസന്ധി. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ മൂന്നുവർഷംകൊണ്ട് ആയിരത്തോളം പേർ പിജി പഠനം പൂർത്തിയാക്കുമ്പോൾ ഇവിടെ ഏതാണ്ട് 100 പേർ മാത്രം. ജീവനക്കാരുടെ കുറവുമൂലം ഗ്യാസ്ട്രോ എൻട്രോളജി വകുപ്പ് തന്നെ പൂട്ടി. പല ഒപികളും വെട്ടിക്കുറച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്കായി 4 മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ട്.

ജീവനു വിലയില്ലേ സർക്കാരേ..

9 ജൂനിയർ റസിഡന്റ് സർജന്മാർ വേണ്ടിടത്ത് 2 പേർ. 90 നഴ്സുമാർ വേണ്ടിടത്ത് 25 പേർ. കേരളത്തിൽ എമർജൻസി മെഡിസിനു വേണ്ടി പ്രത്യേക വകുപ്പുള്ള ഏക മെഡിക്കൽ കോളജിലെ ആ വിഭാഗത്തിന്റെ അവസ്ഥ ഇതാണ്. അടിയന്തരമായി ചികിത്സ നൽകേണ്ട രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാൽ ജീവനക്കാരെ നിയമിക്കാതെ രോഗികളുടെ ജീവൻ പന്താടുകയാണ് സർക്കാർ ചെയ്യുന്നത്. ഹൃദയാഘാതം, മാരക അപകടങ്ങൾ തുടങ്ങിയ കേസുകളിൽ ചികിത്സ അതിവേഗം വേണ്ടി വരും.

എന്നാൽ ഒരേസമയം പല രോഗികളെത്തിയാൽ കാര്യങ്ങൾ കുഴയുന്ന സ്ഥിതിയാണ് പരിയാരത്ത്.  35 വെന്റിലേറ്റർ ബെഡുകൾ, എല്ലാ ബെഡിനും മോണിറ്ററുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വകുപ്പിനുണ്ട്. പക്ഷേ, 25,000 ചതുരശ്രമീറ്ററെങ്കിലും സ്ഥലം ആവശ്യമുള്ള എമർജൻസി വിഭാഗം പ്രവർത്തിക്കുന്നത് വെറും 4,500 ചതുരശ്ര മീറ്റർ സ്ഥലത്താണ്.

ഹൃദയമില്ലാത്തവർ കാണാൻ

യന്ത്രങ്ങൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും പരിയാരം ഹൃദയാലയയിൽ ബൈപാസ് ശസ്ത്രക്രിയയ്ക്കായി 4 മാസത്തിലേറെ കാത്തിരിക്കണം. ഡോക്ടർമാരില്ല എന്നതാണ് കാരണം. ഒരു കാർഡിയാക് അനസ്തെറ്റിസ്റ്റും ഒരു പെർഫ്യൂഷനിസ്റ്റും മാത്രമാണ് ഹൃദയാലയയിൽ ഉള്ളത്. ഇവരുടെ സേവനം ലഭ്യമാകാനാണ് 4 മാസം ജീവനും കയ്യിൽ പിടിച്ചു കാത്തിരിക്കേണ്ടത്. എന്നിട്ടും ശസ്ത്രക്രിയയുടെ എണ്ണത്തിലും വിജയശതമാനത്തിലും ഏറെ മുന്നിലാണ് ഹൃദയാലയ.

ഹൃദ്രോഗം നിർണയിക്കാൻ അത്യാധുനിക സംവിധാനങ്ങൾ, 3 കാത്ത്‌ലാബുകൾ, ബൈപാസ് ഉൾപ്പെടെ നടത്താൻ കഴിയുന്ന 3 ഓപ്പറേഷൻ തിയറ്ററുകൾ, ഐവസ്, ഒസിടി ആൻജിയോപ്ലാസ്റ്റി സംവിധാനം, ഹൃദയം തുറക്കാതെ വാൽവ്, പേസ് മേക്കർ എന്നിവ മാറ്റിസ്ഥാപിക്കാനുള്ള സൗകര്യങ്ങൾ, ഇലക്ട്രോ ഫിസിയോളജി, 54 തീവ്രപരിചരണ വിഭാഗം ബെഡുകൾ തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്.

എന്നാൽ ഇതൊക്കെ പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാരില്ലെന്നതാണ് സർക്കാരിന്റെ ‘നേട്ടം’. വലിയ ചെലവേറിയ ശസ്ത്രക്രിയകൾ ചെലവില്ലാതെ സൂക്ഷ്മമായി നടത്തി പേരു കേട്ട ഈ ആശുപത്രിയിൽ പേര് റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന ആയിരങ്ങളെ ഓർത്തെങ്കിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാൻ നടപടി വേണം.

‘മുൻപേ നടന്നവർ’

മറ്റു രണ്ടു വിഭാഗങ്ങളെയും പോലെ ഡോക്ടർമാരുടെ കുറവുണ്ടെന്നു പലവട്ടം ആവർത്തിച്ചിട്ടും നിയമനം നടക്കാതെ പോയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഇന്നിവിടെയില്ല. അടച്ചുപൂട്ടി. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർമാർ കുറഞ്ഞതോടെ ഒപി 3 ദിവസമാക്കി കുറച്ചു. ഇവിടെ 8 ഡോക്ടർമാരുണ്ടായിരുന്നത് ഇപ്പോൾ നാലായി. സർക്കാർ ഏറ്റെടുക്കുമ്പോൾ മികച്ച നിലയിലേക്ക് ഉയരേണ്ട മെഡിക്കൽ കോളജിൽ പക്ഷേ കാര്യങ്ങൾ തിരിച്ചാണ്..

Spread the love

Leave a Reply

Your email address will not be published. Required fields are marked *