• Wed. Sep 25th, 2024
Top Tags

111 വർഷത്തെ പേര് ചരിത്രമായി; ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ‘ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് ’

Bydesk

Nov 2, 2022

ഇരിട്ടി∙ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ്. 111 വർഷം ഉപയോഗിച്ച പേര് ഇനി ഇല്ല. പുനർനാമ കരണം സംബന്ധിച്ച് 3 മാസം നീണ്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നലെ കേരളപ്പിറവി ദിനത്തിൽ പുതിയ പേര് പ്രാബല്യത്തിൽ വന്നു. ആധാരം എഴുത്ത്‌ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ പേരു മാറ്റം ആവശ്യപ്പെട്ട് സർക്കാരിൽ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.

നേരത്തേ ഉളിയിൽ പ്രവർത്തിച്ച സബ് റജിസ്ട്രാർ ഓഫിസ് 40 വർഷം മു‍ൻപ് ഇരിട്ടി കീഴൂരിലേക്ക് മാറ്റിയതു മുതൽ ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് ആക്കണം എന്ന ആവശ്യം ഉയരുന്നതാണ്. ഇരിട്ടി ആസ്ഥാനം ആയി താലൂക്കും നിലവിൽ വന്നതോടെ ആവശ്യം ശക്തമായി. കീഴൂരിൽ നിലവിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി 1.42 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം പണിതു കഴിഞ്ഞ മെയ് 25 ന് ഉദ്ഘാടനം നടത്തിയപ്പോൾ ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് എന്നാക്കി ഉദ്ഘാടനം ചെയ്യണം എന്ന് ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല.

കഴിഞ്ഞ ജൂലൈയിൽ ആണു പുനർനാമകരണം സംബന്ധിച്ചു സർക്കാരിന്റെ അനുകൂല ഉത്തരവ് ഇറങ്ങിയത്. വിവിധ തലത്തിലുള്ള രേഖകളിൽ പേരുമാറ്റം വരുത്തിയും എല്ലാ ഓഫിസുകളിലും ഔദ്യോഗികമായി വിവരം കൈമാറുകയും ചെയ്ത ശേഷം ആണു ഇന്നലെ മുതൽ പുനർനാമകരണം ഔദ്യോഗികമായി നിലവിൽ വന്നത്.

സംസ്ഥാനത്തെ ജോലിത്തിരക്കേറിയ ഓഫിസുകളി‍ൽ ഒന്ന്

ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിൽ ഒരു വർഷം ഏകദേശം 10 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. അയ്യായിരത്തോളം ഭൂമി ക്രയവിക്രയവും മൂവായിരത്തി അഞ്ഞൂറോളം ഗഹാൻ റജിസ്ട്രേഷനുകളും ആയിരക്കണക്കിനു ചിട്ടി റജിസ്ട്രേഷനുകളും നടക്കുന്നുണ്ട്. പ്രവർത്തന ഭാരം കുറയ്ക്കാൻ എടൂർ കേന്ദ്രമായി പുതിയ സബ് റജിസ്ട്രാർ ഓഫിസ് തുടങ്ങാൻ വകുപ്പുതലത്തിൽ ശുപാർശ ഉണ്ടായെങ്കിലും പരിഗണിക്കപ്പെട്ടില്ല

ബ്രിട്ടിഷ് ഭരണത്തിൽ തുടങ്ങിയ ഓഫിസ്

ബ്രിട്ടിഷ് ഭരണകാലത്ത് 1911 ജനുവരി 3 നാണ് ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ആരംഭിക്കുന്നത്. ഉളിയിൽ, നേരംപോക്ക്, കീഴൂർ എന്നി വിടങ്ങളിൽ പ്രവർത്തിച്ച ശേഷം 1982 ലാണ് കീഴൂരിൽ നിലവിലുള്ള സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. 111 വർഷം പഴക്കമുള്ള രേഖകൾ ഓഫിസിൽ ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *