• Thu. Sep 26th, 2024
Top Tags

കണ്ണൂര്‍ പയ്യാമ്പലത്ത് വീട് കുത്തിത്തുറന്ന് കൊള്ള നടത്തിയ സംസ്ഥാനാനതര മോഷണ സംഘം 24 മണിക്കൂറിനകം പിടിയിലായി

Bydesk

Nov 9, 2022

ന്യൂഡല്‍ഹി തിലക് നഗര്‍ രജോറി ഗാര്‍ഡന്‍ സ്വദേശി മഹേന്ദ്ര ( 50), ഉത്തര്‍പ്രദേശ് സാമ്പല്‍ ചിത്തേരി സ്വദേശി രവീന്ദ്രപാല്‍ ഗൗതം( 28), ഉത്തര്‍പ്രദേശ് സാമ്പല്‍ സ്വദേശി രാംബറോസ് ( 26) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ റയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് മോഷണ സംഘം കുടുങ്ങിയത്.

ട്രെയിനില്‍ നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരുടെ അറസ്റ്റ്. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രതികള്‍ മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് അറിയിച്ചു. പയ്യാമ്പലം കുനിയില്‍ പാലത്തെ അശോകന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസം വീട് പൂട്ടി മലപ്പുറത്ത് പോയ സമയം വീട് കുത്തിത്തുറന്ന് 8 ഗ്രാം സ്വര്‍ണവും 7000 രൂപയും കവരുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം അലമാരയില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്.

വീടുകള്‍ കുത്തിത്തുറന്നു സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. പരിയാരത്ത് അടഞ്ഞുകിടന്ന 3 വീടുകളില്‍ നിന്നായി കഴിഞ്ഞ ദിവസം 28 പവന്റെ സ്വര്‍ണാഭരണങ്ങളും 26,000 രൂപയും വിദേശ കറന്‍സിയും മോഷണം പോയിരുന്നു.

പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മോഷണം നടന്ന വീടുകളിലെയും സമീപത്തെയും റോഡുകളിലെയും നിരീക്ഷണ ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. സംശയമുള്ള വാഹനങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് പൊലീസ് പിടികൂടിയ യുപി സംഘത്തിന് പരിയാരത്തെ മോഷണവുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *