• Thu. Sep 19th, 2024
Top Tags

സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

Bydesk

Dec 5, 2022

ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാന്‍സിനെ നേരിടും.

38ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത് പിന്നീട് ഹാരികെയ്നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോള്‍ പിറന്നത്. സാക്കയും വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സാക്കയിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോള്‍ നേടി.

കളിയുടെ ആദ്യ 10 മിനിറ്റുകളില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ 70 ശതമാനത്തിലധികം നേരം പന്ത് ഇംഗ്ലണ്ടിന്റെ കൈവശമായിരുന്നു. 31-ാം മിനിറ്റില്‍ സെനഗലിന് മികച്ച അവസരം ലഭിച്ചിട്ടും പക്ഷേ ഇസ്മയില സാറിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു. സാറിന്റെ ഷോട്ട് ദിയയുടെ കൈയിലെത്തിയെങ്കിലും പിക് ഫോര്‍ഡ് ശക്തമായി പ്രതിരോധിച്ചു.

തോല്‍വി അറിയാതെ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി മൂന്ന് സിംഹങ്ങളുടെ കരുത്തോടെ ഇംഗ്ലണ്ടും എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായി എത്തിയ ടെരാംഗന്‍ സിഹംങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടും സെനഗലും തമ്മില്‍ ഒരു പോരാട്ടമുണ്ടാകുന്നത്. ഗ്രൂപ്പ് മത്സരഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടി കരുത്തുകാട്ടി തന്നെയാണ് ഇംഗ്ലീഷ് പട സെനഗലുമായി കന്നിപ്പോരാട്ടത്തിനിറങ്ങിയത്.

കൗലി ബാലി, ഡിയാലോ, സാബിളി,മെന്‍ഡി മുതലായ പോരാളികളായിരുന്നു സെനഗലിന്റെ കരുത്ത്. ഇക്വഡോറിനെതിരായ അവരുടെ 2-1 വിജയം ശ്രദ്ധേയമായിരുന്നു. പല അഗ്‌നിപരീക്ഷകളും താണ്ടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. സൂപ്പര്‍ താരം റഹീം സ്റ്റെര്‍ലിംഗില്ലാതെയായിരുന്നു ഇംഗ്ലണ്ടിന്റെ പോരാട്ടം. ചില വ്യക്തിപരമായ കാര്യങ്ങള്‍ മൂലമാണ് താരം വിട്ടുനിന്നതെന്നാണ് സൂചന. മാര്‍കസ് റാഷ്ഫോര്‍ഡാണ് പകരം ഇറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *