• Sun. Sep 8th, 2024
Top Tags

മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ.

Bydesk

Jun 21, 2023

മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്. കേസെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് കെ വിദ്യ പൊലീസ് പിടിയിലാകുന്നത്. പാലക്കാട് അ​ഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ പുലർച്ചെ അ​ഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിക്കും. നാളെ മണ്ണാർക്കാട് കോടതിയിൽ വിദ്യയെ ഹാജരാക്കും.

വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ കോടതിയെ സമീപിച്ചിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കാനിരിക്കുന്ന സമയത്താണ് വിദ്യ പിടിയിലാകുന്നത്. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *