• Thu. Sep 19th, 2024
Top Tags

സെൽഫി കണ്ടാൽ പ്രായം തോന്നുകയേയില്ല!

Bynewsdesk

Oct 28, 2023
ഒന്നാം ദിവസത്തെ പഠിപ്പുതീർന്നതിന്റെ സന്തോഷത്തിൽ എല്ലാവരും ചേർന്ന്‌ നിന്നൊരു സെൽഫിയെടുത്താണ്‌ അവർ പിരിഞ്ഞത്‌. ചിലരൊക്കെയും വൃത്തിയും വെടിപ്പായും സെൽഫിയെടുക്കാൻ പഠിച്ചിരുന്ന അപ്പോഴേക്കും. ഫ്രെയിമും അതിലെ പഠിതാക്കളുമെല്ലാം കൃത്യം. സെൽഫി സൂപ്പറായതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും.
മുതിർന്നപൗരന്മാർക്കായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദി ഒരുക്കിയ ഡിജിറ്റൽ പാഠശാലയുടെ ഒന്നാംദിനം സംഭവബഹുലമായിരുന്നു.  വഴങ്ങില്ലെന്ന്‌ കരുതിയ ആൻഡ്രോയ്‌ഡ്‌ ഫോണുകൾ അത്രയൊന്നും കുഴക്കുന്ന ഒന്നല്ലെന്ന്‌ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്‌. വിളിക്കാനും വിളി സ്വീകരിക്കാനും മാത്രം കൊണ്ടുനടന്ന ഫോണിലെ സൂത്രങ്ങൾ കണ്ട്‌ അതിശയിച്ചു. മക്കളെ വീഡിയോകോൾ വിളിക്കാൻ പഠിച്ചതിന്റെ  സന്തോഷമുണ്ട്‌ ചിലർക്ക്‌.
  മൊബൈൽ ഫോണിലെ നൂറുനൂറു സാങ്കേതികവിദ്യകൾ പരിചയവും ഡിജിറ്റൽ പേമെന്റും മൊബൈൽ ആപും നവമാധ്യമങ്ങളുടെ ഉപയോഗവും  തുടങ്ങി നിത്യജീവിതത്തിൽ വേണ്ടെതെല്ലാം പഠിപ്പിക്കുന്നുണ്ട്‌ ആഴ്‌ചതോറുമുള്ള പാഠശാല. തളിപ്പറമ്പ്‌ മണ്ഡലം ഡിജിറ്റൽ സാക്ഷരതാ യജ്‌ഞത്തിലെ പരിശീലകരും കുട്ടികളും ഗ്രന്ഥശാല പ്രവർത്തകരും  ഉൾപ്പെടെ പ്രായോഗിക പരിശീലനത്തിൽ മുതിർന്നവരെ സഹായിക്കും. എല്ലാ ആഴ്‌ചയിലും ഒരു ദിവസം വീതമാണ്‌ പാഠശാല.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. പി പി നളിനാക്ഷൻ ആദ്യക്ലാസ്‌ നയിച്ചു.  കെ സി ശ്രീനിവാസൻ അധ്യക്ഷനായി. സി വി ഗംഗാധരൻ, വി വി ഗോവിന്ദൻ, സി കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *