• Tue. Sep 17th, 2024
Top Tags

ഇനിയും താമസിച്ചാൽ മലബാറിലെ ട്രെയിൻ യാത്രക്കാർ ശ്വാസംമുട്ടി മരിക്കും!

Bynewsdesk

Oct 28, 2023

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്.

മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതി. അക്ഷരാർഥത്തിൽ വാഗൺ ട്രാജഡിയാണ് വടക്കേ മലബാറിലെ ട്രെയിനുകളിൽ നടക്കുന്നത്. ശ്വാസംമുട്ടി മരണത്തിന്റെ വക്കിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നഴ്സിങ് വിദ്യാർഥിനിയോട് അമൃത് ഭാരത്, വന്ദേഭാരത് എന്നെല്ലാം പ്രസംഗിച്ചിട്ട് എന്തുകാര്യമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

ഇപ്പോൾ എന്തുസംഭവിച്ചു?

കോവിഡിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ട്രെയിൻ സർവീസുകൾ മുൻപത്തേക്കാൾ ദുരിതം സമ്മാനിക്കുന്നതായി മാറിയത്. അതിനു കാരണങ്ങൾ പലതാണ്. കോവിഡിനു മുൻപ് ഓടിയിരുന്ന മുഴുവൻ ട്രെയിനുകളും പുനഃസ്ഥാപിക്കാത്തതും ഹാൾട്ട് സ്റ്റേഷനുകളിലെ ഉൾപ്പെടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതും സമയക്രമം മാറ്റിയതുമെല്ലാം യാത്രക്കാരെ ബാധിച്ചു.

ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടിയതും ഡി–റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചതും ദുരിതമേറ്റി. ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പലരും കുറച്ചു. പെട്രോൾ, ഡീസൽ വില താങ്ങാൻ പറ്റാത്ത വിധം ഉയർന്നതോടെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും ട്രെയിനുകളിൽ യാത്ര ചെയ്യാൻ തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *