• Tue. Sep 17th, 2024
Top Tags

ഫണ്ടനുവദിച്ചിട്ട് മൂന്നുവർഷം; പണി തുടങ്ങാൻ സമയമായില്ല : പൊട്ടിപ്പൊളിഞ്ഞ് അടയ്ക്കാത്തോട് റോഡ്

Bynewsdesk

Oct 30, 2023

കേളകം : യാത്രയ്ക്കാരെ വലച്ച് കേളകം-അടക്കാത്തോട് റോഡ്. മൂന്നുവർഷം മുൻപ് കേളകത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിങ്ങടക്കം നടത്താൻ തുക അനുവദിച്ചിട്ടും ഇതുവരെയായിട്ടും പ്രവൃത്തി ആരംഭിക്കാനായില്ല.

തകർന്നുകിടക്കുന്ന റോഡിന്റെ ടാറിങ് വൈകുന്നത് നാട്ടുകാരെ നാളുകളായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അടക്കാത്തോട് രയുള്ള എട്ടുകിലോമീറ്റർ റോഡിൽ പലയിടത്തും ചെറുതും വലുതുമായി നിരവധി കുഴികളാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

ശാന്തിഗിരി, അടക്കാത്തോട്, ഇല്ലിമുക്ക് ഭാഗത്ത് താമസിക്കുന്നവരാണ് പ്രധാനമായും റോഡിനെ ആശ്രയിക്കുന്നത്.

കുഴിയിൽവീണ് വാഹനങ്ങൾ തകരാറിലാകുന്നത് പതിവാണ്. റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരാതി പറഞ്ഞ് നാട്ടുകാരും മടുത്തു. സഹികെട്ട് കേളകത്തെ ടാക്സിഡ്രൈവർമാർ ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് റോഡിലെ കുറച്ചുഭാഗത്തെ കുഴികൾ കല്ലും മണ്ണും ഇട്ട് അടച്ചു.

2019-20ലെ സംസ്ഥാന ബജറ്റിൽനിന്ന് റോഡിന്റെ നവീകരണത്തിന് തുക അനുവദിച്ചതാണ്. എന്നാൽ കരാറുകാരൻ പണികൾ വൈകിപ്പിച്ചതോടെ കരാർ റദ്ദാക്കി. പിന്നീട് മറ്റൊരാൾക്ക് കരാർ നൽകി.

വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാക്കിയ ശേഷം റോഡിന്റെ ടാറിങ് അടക്കമുള്ള ജോലികൾ നടത്തിയാൽ മതിയെന്ന് പി.ഡബ്ല്യു.ഡി. തീരുമാനിച്ചു.

എന്നാൽ പൈപ്പിടുന്നതിന് കരാർ എടുത്തവർ ജോലികൾ വൈകിപ്പിച്ചതോടെ റോഡ് പണി ആരംഭിക്കുന്നത് പിന്നെയും നീണ്ടു. റോഡിലെ ജലഅതോറിറ്റിയുടെ പണികൾ ഇപ്പോൾ പൂർത്തിയായി.

ഇനി മഴ മാറിയിട്ട് ടാറിങ് അടക്കമുള്ള ജോലികൾ ആരംഭിക്കാനാണ് പി.ഡബ്ല്യു.ഡി. തീരുമാനിച്ചിരിക്കുന്നത്. ഡിസംബറോട് കൂടി മാത്രമേ പണി തുടങ്ങാൻ സാധ്യതയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കേളകം മുതൽ രണ്ട് കിലോമീറ്റർ ദൂരം മാത്രമാണ് മെക്കാഡം ടാറിങ് നടത്തുന്നത്. രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

റോഡിന്റെ പൂർണമായ നവീകരണത്തിന് ആവശ്യമായ തുക അനുവദിച്ചാൽ മാത്രമേ അടയ്ക്കാത്തോട് വരെ ടാറിങ് നടത്താനാകൂ. ബാക്കി ആറ് കിലോമീറ്റർ റോഡ് കൂടി നവീകരിച്ചാൽ മാത്രമേ കേളകത്ത് നിന്ന് അടയ്ക്കാത്തോട് വരെയുളള റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമാവും.

അടയ്ക്കാത്തോട്-ശാന്തിഗിരി റോഡും തകർന്നുതുടങ്ങിയിട്ട് നാളുകളായി. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പുലുകാച്ചിമലയിലേക്ക് പോകുന്നതും ഇതുവഴിയാണ്.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് വിനോദസഞ്ചാരമേഖലയ്ക്കും വലിയ തിരിച്ചടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *