• Tue. Sep 17th, 2024
Top Tags

അനധികൃത വയറിംഗുകാരെ പൂട്ടാൻ നടപടികളുമായി വൈദ്യുത വകുപ്പ്

Bynewsdesk

Nov 1, 2023

ലൈസൻസില്ലാതെ ഇലക്ട്രിക് ജോലികൾ ചെയ്യുന്നവരെ പൂട്ടാൻ നടപടികളുമായി വൈദ്യുത വകുപ്പ്. അനധികൃത വൈദ്യുത – വയറിംഗ് ജോലികൾ ചെയ്യുന്നവരെ തടയുന്നതിനായി ജില്ലാതല സമിതിയുടെ ആദ്യ യോഗം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേർന്നു.

വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വയറിംഗ് ഒരുക്കുന്നതിനും അനധികൃത വയറിംഗ് തടയുന്നതിനും നിയമങ്ങൾ കർശനമാക്കും. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ, കൺവീനർ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എസ്. മണിലാൽ, വയർമാൻ, സൂപ്പർവൈസർ, കോൺട്രാക്ടർ പ്രതിനിധികൾ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.

അനധികൃത വയറിംഗിനെതിരേ മുമ്പ് തന്നെ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ലൈസൻസില്ലാതെ ഇലക്ട്രിക്ക് ജോലികൾ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. പലപ്പോഴും ലൈസൻസില്ലാത്തവരും ഇലക്ട്രിക് മേഖലയിൽ അടിസ്ഥാന വിജ്ഞാനമില്ലാത്തവരും വയറിംഗ് ഉൾപ്പടെയുള്ള ജോലികൾ ചെയ്യുന്നതിനെതിരെ അംഗീകൃത തൊഴിലാളികൾ തന്നെ രംഗത്തെത്തിയിരുന്നു. തൊഴിലാളികളുടെ നാളുകൾ നീണ്ട ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

അനധികൃത വയറിംഗ് നടക്കുന്നതായി വിവരം ലഭിച്ചാൽ കമ്മിറ്റിയിലെ മെമ്പർമാരെയോ, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയത്തിലോ, കെ.എസ്.ഇ.ബി കാര്യാലയത്തിലോ പരാതി അറിയിക്കാം. പരാതി ലഭിച്ചാൽ പൊലീസ് സഹായത്തോടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബിയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റിയിൽ സമർപ്പിക്കും. കമ്മിറ്റി പരാതി പരിശോധിച്ച് ശിക്ഷാ നടപടികൾക്കായി ശിപാർശ ചെയ്യും.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ സംരക്ഷാ പോർട്ടലിൽ കോൺട്രാക്ടർ ലൈസൻസിന്റെ നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 1981ലെ ഹൗസ്‌ഹോൾഡ് ഇലക്ട്രിക്കൽ അപ്ലയൻസസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ, 2003ലെ ക്വാളിറ്റി കൺട്രോൾ ഓർഡർ എന്നിവ പ്രകാരം വയറിംഗ് – വൈദ്യുത ഉപകരണങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ, ഗോഡൗണുകൾ, നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പരിശോധനകൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് കൂടുതൽ ഊർജിതമായി നടത്താനും തിരുമാനമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *