• Tue. Sep 17th, 2024
Top Tags

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: കുറിപ്പടിയില്ലാതെ മരുന്നില്ല

Bynewsdesk

Nov 20, 2023

സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ്‌ ലക്ഷ്യം. ലോക എഎംആർ അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ബോധവൽക്കരണ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. 24വരെ എഎംആർ അവബോധ വാരാചരണം സംഘടിപ്പിക്കും. “പ്രിവന്റിങ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ടുഗതർ’എന്നതാണ് ഈ വർഷത്തെ പ്രമേയം. മെഡിക്കൽ സ്റ്റോറുകളിൽ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ലഭിക്കില്ലെന്ന്‌ പ്രത്യകം പോസ്റ്റർ പ്രദർശിപ്പിക്കണമെന്നതാണ്‌ പ്രധാന നിർദേശം.

ജില്ലാ, ബ്ലോക്ക്, തദ്ദേശ തലങ്ങളിൽ ബോധവൽക്കരണം നടത്തണം. വകുപ്പുതല യോഗങ്ങൾ, ഐസിഡിഎസ് യോഗം, ഇമ്യൂണൈസേഷൻ സെഷനുകൾ, എൻസിഡി ക്ലിനിക്കുകൾ, ആരോഗ്യ മേളകൾ, ആരോഗ്യ സ്ഥാപനങ്ങളിലെ ഒപി വിഭാഗം തുടങ്ങി എല്ലാ വേദികളും അവബോധത്തിനായി ഉപയോഗിക്കണം. ഏകാരോഗ്യ സമീപനത്തിൽ എഎംആർ സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേർന്ന് ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കണം. ആശുപത്രികളിൽ ഒപി വെയ്റ്റിങ്‌ ഏരിയയിലും ഫാർമസി വെയ്റ്റിങ്‌ ഏരിയയിലും എഎംആർ ക്യാമ്പയിന്റെ പോസ്റ്ററുകൾ പ്രദർശിപ്പിക്കണം.

സ്‌കൂൾ, കോളേജ് തലങ്ങളിൽ അവബോധ പ്രതിജ്ഞ സംഘടിപ്പിക്കണം. 24ന് “ഗോ ബ്ലൂ ഫോർ എഎംആർ’ ദിവസം ആചരിക്കണമെന്നും നിർദേശമുണ്ട്‌. അതിനായി ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും അതിന്റെ സന്ദേശം പ്രചരിപ്പിക്കുകയും വേണം. ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് നടത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും എല്ലാ സ്ഥാപന മേധാവികൾക്കും നേരത്തേ നിർദേശം നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *