• Tue. Sep 17th, 2024
Top Tags

നവകേരള സദസ്സ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Bynewsdesk

Nov 22, 2023

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ ഭൂമി ഇതിനായി ബി.പി. സി. എല്ലിന്
കൈമാറും. ഈ ഭൂമിയിലാണ്
ബി.പി. സി. എല്‍ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി. സി. എല്‍ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഈ തുക പൂര്‍ണമായും ബി.പി. സി. എല്‍ ആണ് വഹിക്കുക. പ്ലാന്റ് നിര്‍മ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂര്‍ത്തിയാവും.

പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യ പ്രശ്‌നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പരിഹാരമാകും.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ഇവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ദിവസങ്ങള്‍ക്ക് ദിനം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കും.

ശമ്പള പരിഷ്‌കരണം

സംസ്ഥാന സഹകരണ യൂണിയനിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിക്കും.

സാധൂകരിച്ചു

സംസ്ഥാന സഹകരണ യൂണിയനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകള്‍ സൃഷ്ടിച്ച നടപടികള്‍ക്ക് സാധൂകരണവും നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *