• Tue. Sep 17th, 2024
Top Tags

ഉത്തരകാശി രക്ഷാപ്രവർത്തനം: മലമുകളിൽ നിന്നുള്ള കുഴിയെടുക്കൽ നാല് ദിവസം നീണ്ടേക്കും

Bynewsdesk

Nov 27, 2023

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശി സിൽകാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോർട്ട്. തുരങ്കത്തിലൂടെ കുഴൽ കടത്തിവിടുന്നതിനൊപ്പം മലമുകളിൽനിന്നും കുത്തനെയുള്ള കുഴിക്കലും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ 22 മീറ്റർ താഴേക്ക് കുഴിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ കുഴിയെടുക്കുന്നതിന് നാലുദിവസത്തോളം സമയമെടുക്കുമെന്നാണ് ദൗത്യസംഘം അറിയിച്ചിരിക്കുന്നത്. മലയുടെ മുകളിൽ കാര്യമായ പാറയുടെ സാന്നിധ്യമില്ലെങ്കിൽ ബുധനാഴ്ച രാത്രിയോടെ തുരങ്കത്തിനുള്ളിൽ എത്താൻ സാധിക്കും.

തുരങ്കത്തിലേക്കുള്ള ഡ്രില്ലിങ് മെഷിൻ വീണ്ടും അറ്റകുറ്റ പണികൾ ഉണ്ടായതോടെയാണ് മറ്റുമാർഗങ്ങളിലേക്ക് കടന്നത്. ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനിയർ ഗ്രൂപ്പാണ് സ്ഥലത്തെത്തിയിട്ടുള്ളത്. സംഘത്തിൽ മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ കുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് മെഷിന്റെ ബ്ലേഡ് മുറിച്ചുമാറ്റിയതിനുശേഷം പുറത്തുനിന്നുള്ള യന്ത്രത്തിന്റെ മർദത്തിൽ കുഴൽ അകത്തേക്ക് തള്ളാനുള്ള ശ്രമമാണ് നടക്കുന്നത്. തടസമില്ലാതെ ഇത് മുന്നോട്ട് പോയാൽ വൈകാതെതന്നെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുവേണ്ടി ആറ് രക്ഷാപ്രവർത്തനപദ്ധതികൾ നിലവിലുണ്ടെന്നും മികച്ച മാർഗമേതാണെന്നതിനേക്കുറിച്ച് ചർച്ച നടത്തിയതായും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാമത്തെ ഏറ്റവും മികച്ച മാർഗം മലമുകളിൽ നിന്നുള്ള കുഴിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *