• Tue. Sep 17th, 2024
Top Tags

കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന സംഘം ബംഗളൂരുവിൽ പിടിയിൽ

Bynewsdesk

Nov 29, 2023

ബംഗളൂരു: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞുങ്ങളെ കടത്തി ബംഗളൂരുവിലെത്തിച്ച് വിൽക്കുന്ന സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് 20 വയസ് മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തി.

20 ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രതികൾ തമിഴ്നാട്ടിൽ നിന്നാണ് കടത്തിയത്. ബംഗളൂരു രാജരാജേശ്വരി നഗറിലെ ദമ്പതികൾക്ക് വിൽക്കാനായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ച ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടാനായി സ്ഥലത്തെത്തി. പൊലീസിനെ കണ്ടതും കാറിൽ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.സ്ത്രീയാണ് സംഘത്തിന്‍റെ നേതാവെന്നും തന്‍റെ മൂന്ന് കുഞ്ഞുങ്ങളെയും ഇവർ ഇത്തരത്തിൽ വിറ്റിട്ടുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ബംഗളൂരുവിൽ വിൽക്കുകയാണ് പ്രതികളുടെ പ്രവർത്തനരീതിയെന്ന് കമീഷണർ വിശദീകരിച്ചു.

വന്ധ്യതാ ക്ലിനിക്കുകൾ സന്ദർശിക്കുന്ന ദമ്പതികളെ സംഘം ബന്ധപ്പെടും. 10 ലക്ഷം രൂപ തന്നാൽ കുഞ്ഞിനെ എത്തിച്ചുതരാമെന്ന് വാഗ്ദാനം ചെയ്യും. തുടർന്ന് തമിഴ്നാട്ടിലെത്തി കുഞ്ഞിനെ സംഘടിപ്പിക്കും. സാമ്പത്തിക പ്രയാസം ഉൾപ്പെടെ പല കാരണങ്ങളാൽ ഗർഭം അലസിപ്പിക്കാൻ നോക്കുന്നവരെയും, ജനിച്ച കുഞ്ഞിനെ വളർത്താൻ പ്രയാസപ്പെടുന്നവരെയുമാണ് ഇവർ സമീപിക്കുക. ഇവരിൽ നിന്ന് വിലപറഞ്ഞ് കുഞ്ഞിനെ വാങ്ങി ബംഗളൂരുവിലേക്ക് കൊണ്ടുവരും. ആശുപത്രികളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

പത്തോളം കുഞ്ഞുങ്ങളെ സംഘം പലർക്കായി കൈമാറിയിട്ടുണ്ട്. വ്യാജ ജനന സർട്ടിഫിക്കറ്റും നിയമനടപടികൾ ഒഴിവാക്കാനുള്ള മറ്റ് സർട്ടിഫിക്കറ്റുകളുമെല്ലാം സംഘം തന്നെ നിർമിച്ചു നൽകുമെന്നും കമീഷണർ പറഞ്ഞു.

തമിഴ്നാട്ടിലെ ചില ആശുപത്രികൾക്കും ഡോക്ടർമാർക്കും സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *