• Tue. Sep 17th, 2024
Top Tags

നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ

Bynewsdesk

Dec 16, 2023

ഇരിട്ടി : നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ.കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയില്‍ ഒരു സ്വാഗത കമാനം പോലുമില്ല. ഈ അന്തര്‍ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതിലധികം ചരക്ക് വാഹനങ്ങളുമാണ് നിത്യേന കടന്നുപോകുന്നത്.

ഏറെക്കാലത്തെ മുറവിളിക്ക് ശേഷം തലശ്ശേരി -വളവുപാറ അന്തര്‍ സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂട്ടുപുഴയില്‍ പഴയ പാലത്തിന് പകരം പുതിയ പാലം വന്നു എന്നൊരുമാറ്റം മാത്രമാണുണ്ടായിട്ടുളളത്. മറ്റ് വികസനങ്ങളോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. എക്‌സൈസിന്റെയും ആര്‍.ടി.ഒയുടേയും സ്ഥിരം ചെക്ക് പോസ്റ്റുകളും പൊലീസിന്റെ 24 മണിക്കൂര്‍ പരിശോധനയുമുള്ള പ്രദേശമായിട്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.

മലയോരത്തെ മൂന്ന് പഞ്ചായത്തുകളുമായി അതിരിടുന്ന പ്രദേശമാണ് കൂട്ടുപുഴ. ഉളിക്കല്‍, പായം, അയ്യൻകുന്ന് പഞ്ചായത്തുകള്‍ക്കൊപ്പം കര്‍ണാടകയുടെ ബേട്ടോളി പഞ്ചായത്തും കൂട്ടുപുഴയുമായി അതിരിടുന്നു. പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലവുമായും കര്‍ണാടകയിലെ വീരാജ്‌പേട്ട മണ്ഡലവുമായും അതിരിടുന്ന പ്രദേശമെന്ന പ്രധാധ്യവും കൂട്ടുപുഴക്കുണ്ട്. ഇരിട്ടിയില്‍ നിന്നും മാക്കൂട്ടം ചുരംപാത വഴി ബാംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കും പേരട്ട, മാട്ടറ, ഭാഗങ്ങളിലേക്കുമുള്ള പ്രധാന കവലയാണ് കൂട്ടുപുഴ പുതിയപാലം ഉള്‍പ്പെടുന്ന പ്രദേശം.

കര്‍ണാടകയിലേക്ക് പോകാനായി ഇവിടെയെത്തുന്നവര്‍ക്ക് ഒന്ന് കയറി നില്‍ക്കാനുള്ള സൗകര്യമില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളും തൊഴിലാളികളും ഉള്‍പ്പെടെ വലിയൊരു വിഭാഗം യാത്രക്കാരും കൂട്ടുപുഴ പാലം കവലയില്‍ എത്തിയാണ് കര്‍ണാടകത്തിലേക്കുള്ള യാത്ര തുടരുന്നത്.

മലയോര മേഖലയില്‍ നിന്നും കര്‍ണാടകയുടെ തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗം പേരും കൂട്ടുപുഴയില്‍ ബസിറങ്ങിയാണ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നത്. ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനാല്‍ വെയിലും മഴയുംക്കൊണ്ട് വേണം ബസിനായുള്ള കാത്തിരിപ്പ്. ഇത് ഇനിയും എത്രനാള്‍ എന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. ശാസ്ത്രീയമായ സിഗ്നല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ അപകടങ്ങളും പതിവാണ്. കൂട്ടുപുഴയോടുള്ള അവഗണന അവസാനിപ്പിച്ച്‌ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *