• Tue. Sep 17th, 2024
Top Tags

ക്രിസ്മസ് – പുതുവത്സര ആഘോഷം; കൂട്ടുപുഴ അതിർത്തിയിൽ പരിശോധന കർശനം

Bynewsdesk

Dec 20, 2023

ഇരിട്ടി : ക്രിസ്മസ്, പുതുവത്സര
ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നും മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്നത് തടയാൻ കൂട്ടുപുഴ അതിർത്തിയിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കി.

നിലവിലുള്ള പരിശോധനയ്ക്ക് പുറമേ കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും പരിശോധിക്കുന്നുണ്ട്.

അതിർത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നേരത്തെ നിരോധിത പാൻ ഉത്പന്നങ്ങളായിരുന്നു വൻതോതിൽ കടത്തിക്കൊണ്ടുന്നതെങ്കിൽ ഇപ്പോൾ കഞ്ചാവും എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളാണ് അതിർത്തികടന്നെത്തുന്നത്.

വൻതോതിൽ കർണാടക മദ്യവും പുതുവത്സര ആഘോങ്ങൾക്കായി എത്താനുള്ള സാധ്യതയും കൂടുതലാണ്. കർണാടക എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മാക്കൂട്ടം ചുരം റോഡ് കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാണ്.

കഞ്ചാവും എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും ചെറുപായ്ക്കറ്റുകളിലാക്കി ഇരുചക്ര വാഹനങ്ങളുടേയും മറ്റു വാഹനങ്ങളുടേയും രഹസ്യഅറകളിലും മറ്റുമാണ് കടത്തിക്കൊണ്ടുവരുന്നത്.

ഇവ കണ്ടെത്തുന്നതിന് വിശദമായ പരിശോധനകളാണ് വേണ്ടിവരുന്നത്. ലഹരിഗുളികകളും എത്തിക്കുന്നതും ഇത്തരം മാർഗങ്ങളിലൂടെയാണ്.

ലഹരിക്കടത്തിന് ഇരുചക്രവാഹനങ്ങളും ആഡംബരകാറുകളും

നേരത്തേ കർണാടക, കേരള ട്രാൻസ്പോർട്ട് ബസുകളും ടൂറിസ്റ്റ് ബസുകളിലുമായിരുന്നു വൻതോതിൽ ലഹരി കടത്താൻ ഉപയോഗിച്ചിരുന്നത്. ബസുകളിൽ പരിശോധന ശക്തമായതോടെ ഇപ്പോൾ ആഡംബര കാറുകളും ഇരുചക്രവാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്.

സ്‌കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരിഗുളികകൾ വ്യാപകമായി എത്തിക്കുന്നത്.

മൈസൂരുവിൽ നിന്നുമാണ് ഇവ കൂടുതലായും വരുന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. നേരത്തേ അതിർത്തി കടന്നുവരുന്ന ചുരുക്കം ചില വാഹനങ്ങൾ മാത്രമേ പരിശോധിച്ചിരുന്നുള്ളൂ

ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ വരെ വിശദമായി പരിശോധിക്കേണ്ട അവസ്ഥയാണ്. കർണാടകയിലെ അമ്മത്തി, വീരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവെത്തുന്നത്.

മാക്കൂട്ടം, വളവുപാറ, തൊട്ടിപ്പാലം, മട്ടിണി, പേരട്ട, കിളിയന്തറ, കീഴ്പള്ളി, വള്ളിത്തോട്, കരിക്കോട്ടക്കരി, ഇരിട്ടി എന്നിവിടങ്ങളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതിനും അത് വില്ക്കുന്നതിനും നിരവധി സംഘങ്ങളാണ് പ്രവർത്തിക്കുന്നത്

ചെറു പായ്ക്കറ്റുകളിലാക്കി സ്ഥിരമായി വിൽപ്പന നടത്തിയിരുന്ന ഒരാളെ നേരത്തേ ഒരു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്ക്വാഡ് തലശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളെ 25 ഗ്രാം കഞ്ചാവും 12ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.

ആഡംബര കാറിലായിരുന്നു ഇത് കടത്തിക്കൊണ്ടുവന്നത്. നേരത്തേ പച്ചക്കറി, പഴം, വൈക്കോൽ എന്നിവയുമായി വരുന്ന വാഹനങ്ങളിൽനിന്നാണ് ഇവ പിടികൂടിയിരുന്നത്. ഇത്തരം ചരക്ക് വാഹനങ്ങൾ പെരുമ്പാടിയിലും മാക്കൂട്ടത്തും കൂട്ടുപുഴയിലും ഇപ്പോൾ വ്യാപകമായി പരിശോധിക്കാൻ തുടങ്ങിയതോടെയാണ് ഇരുചക്ര വാഹനങ്ങളും ആഡംബരകാറുകളും ഇതിനായി ഉപയോഗിക്കുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *