• Tue. Sep 17th, 2024
Top Tags

മിഷന്‍ ബേലൂര്‍ മഖ്ന പുനരാരംഭിച്ചു

Bynewsdesk

Feb 12, 2024

കര്‍ഷകനെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം രണ്ടാംദിനം പുനരാരംഭിച്ചു. ഇന്നലെ നിലയുറപ്പിച്ചിരുന്ന മണ്ണുണ്ടിയിലെ മേഖലയില്‍ത്തന്നെ ബേലൂര്‍ മഖ്ന ഇന്നും ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മയക്കുവെടി വെക്കാനുള്ള ഒരുക്കത്തോടെ കുങ്കിയാനകള്‍ക്കൊപ്പം വനംവകുപ്പ് സംഘം ആന ഇപ്പോഴുള്ള പ്രദേശത്തേക്ക് പോയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരംവരെ മണ്ണുണ്ടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. കാട്ടില്‍വെച്ച് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആന ഓടി മറ്റൊരു പ്രദേശത്തേക്ക് പോയി. പിന്നീട് റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചെങ്കിലും ആനയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ദൗത്യം തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു.

വനംവകുപ്പ് സംഘം ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദൗത്യസംഘത്തിന്റെ മൂന്ന് വാഹനങ്ങളും കോളനിക്ക് സമീപത്തെ റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ആനയെ പിടിക്കാതെപോയാല്‍ ആരാണ് തങ്ങളുടെ ജീവന് സുരക്ഷനല്‍കുകയെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോളനിക്ക് സമീപമുണ്ടായിരുന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ദിനേഷിനെ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. രാത്രിയില്‍ ആനയെ നിരീക്ഷിക്കാന്‍ വനപാലകരെ നിയോഗിക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.

കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *