• Sat. Jul 27th, 2024
Top Tags

ആറുവരി ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗം കുറച്ചു

Bynewsdesk

May 24, 2024

സംസ്ഥാനത്തെ ആറുവരിയും അതിൽക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോർവാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റിൽ അധികമില്ലാത്ത യാത്രാവാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ഡ്രൈവറെ കൂടാതെ ഒൻപതോ അതിൽക്കൂടുതലോ സീറ്റുകളുള്ള വാഹനങ്ങളുടെ (എം 2, എം 3 വിഭാഗം) വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 95 കിലോമീറ്ററിൽനിന്ന് 90 ആയും കുറച്ചു.

ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ.) നിർദേശപ്രകാരമാണ് നടപടി. എൻ.എച്ച്.എ.ഐ. സംസ്ഥാനത്ത് വികസിപ്പിക്കുന്ന ആറുവരി, നാലുവരി പാതകളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്. അതുപോലെ പാതയിലേക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിച്ചിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി റീജണൽ ഓഫീസർ സർക്കാരിനെ അറിയിച്ചു.

ഈ സാഹചര്യത്തിൽ ട്രാഫിക് സൈൻ ബോർഡുകളിൽ എം1, എം2, എം3 വാഹനങ്ങളുടെ വേഗപരിധി 110/95 കിലോമീറ്ററെന്ന് മാറ്റാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം അനുവദിക്കുകയുമില്ല. ഇക്കാരണത്താലാണ് വേഗപരിധി പുതുക്കിനിശ്ചയിച്ചത്.

ആറുവരി ദേശീയപാതയിൽ എം1 വിഭാഗം വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററും എം 2, എം 3 വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററുമായി നിശ്ചയിച്ചത് 2023 ജൂണിലാണ്. ഇതാണിപ്പോൾ മാറ്റിയത്.

നാലുവരി ദേശീയപാതയിൽ ഈ വിഭാഗം വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ യഥാക്രമം 100, 90 കിലോമീറ്ററാണ്. ഇവയുടെ വേഗത്തിന്റെ കാര്യത്തിൽ പുതിയ വിജ്ഞാപനത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചരക്കുവാഹനങ്ങൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രി സൈക്കിൾസ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവയുടെ വേഗപരിധിയിലും മാറ്റമൊന്നുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *