കണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നും വെള്ളം കയറിയും അപകടങ്ങളുണ്ടാകുന്നുണ്ട്.
കണ്ണൂരില്‍ മുഴപ്പിലങ്ങാടും പയ്യന്നൂരും വൈകീട്ടെടെ രണ്ട് വീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. ഇതില്‍ ഒരു വീട്ടില്‍ അപകടം സംഭവിക്കുന്ന സമയത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരി രക്ഷപ്പെട്ടത് അത്ഭുതമാണ്. വീടിന്‍റെ മേല്‍ക്കൂര മുഴുവനായി തകര്‍ന്നുവീണിട്ടുണ്ട്. എങ്കിലും കുഞ്ഞ് ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ ഖാദറിന്‍റെ വീട്ടിലാണ് ഈ അപകടം സംഭവിച്ചത്.
പയ്യന്നൂർ കേളോത്ത് ഉണ്ണിയുടെ ഓടിട്ട വീടാണ് കനത്ത മഴയില്‍ പൂർണമായും തകർന്നത്. അപകടസമയത്ത് വീട്ടുകാർ പുറത്തെ വരാന്തയിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നതിനാൽ രക്ഷപ്പെട്ടു. ഉണ്ണിയുടെ അളിയന് അപകടത്തില്‍ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഇനി താമസിക്കാൻ വീടിനായി എന്തു ചെയ്യണം എന്ന ആശങ്കയിലാണ് കുടുംബം.