• Tue. Sep 17th, 2024
Top Tags

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ക്രിമിനൽ കേസെടുക്കാനും നിർദ്ദേശം.

Bynewsdesk

May 29, 2024

കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വകീരിക്കണമെന്നും ആവശ്യമെങ്കില്‍ ക്രമിനല്‍ കേസുകള്‍ എടുക്കുന്നതിന് പൊലീസിന് ഇത്തരം പരാതികള്‍ കൈമാറണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു.

കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

മഴക്കാലത്ത് പകര്‍ച്ച വ്യാധികളും സാംക്രമിക രോഗങ്ങളും തടയാന്‍ കാര്യക്ഷമമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തര നടപടി എടുക്കണം. ഹോട്ടലുകള്‍, സ്‌ക്രാപ്പ് സ്ഥാപനങ്ങള്‍, അതിഥി തൊഴിലാളികളുടെ വാസ്സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ പരിശോധന നടത്തണം. തദ്ദേശസ്ഥാപനങ്ങളുടെ എംസിഎഫ്, ആര്‍ആര്‍എഫുകളില്‍ നിന്ന് കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണം. മെയ് 31 നകം ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകള്‍ കണ്ടെത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുവാനും തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ

എം സി എഫ് , ആര്‍ ആര്‍ എഫ് എന്നിവടങ്ങളില്‍ നിന്നും സമയബന്ധിതമായി മാലിന്യനീക്കം ഉറപ്പാക്കണമെന്ന് കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എം സി എഫുകളില്‍ നിന്നുമുള്ള മാലിന്യത്തിന്റെ നാലു മാസത്തേക്കുള്ള ലിഫ്റ്റിങ് പ്ലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കാലവര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടന്നതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സി സച്ചിന്‍ യോഗത്തില്‍ അറിയിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയും ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും രോഗങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ഡെപ്യൂട്ടി ഡി എം ഒ പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യപരമായ അന്തരീക്ഷം ഉറപ്പാക്കുവാന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *