• Sat. Sep 21st, 2024
Top Tags

ലോറി കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ; ഷിരൂര്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

Bynewsdesk

Sep 21, 2024

ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മാല്‍പെ പറഞ്ഞു. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെയാണ് പുനഃരാരംഭിച്ചത്.

ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുകയാണ്. നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

നാവിക സേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍നിന്ന് എത്തിച്ച ഡ്രജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍. ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് അനുമതി നല്‍കിയിരുന്നു. വൈകീട്ട് ആറു വരെയാണ് തിരച്ചില്‍ നടത്തുക. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാന്‍ കഴിയും വിധമാണ് ഡ്രജര്‍ സ്ഥാപിച്ചത്.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്‌നം.പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനഃരാരംഭിക്കാന്‍ തീരുമാനമായത്.ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *