• Fri. Sep 27th, 2024
Top Tags

കയ്പമം​ഗലം കൊലപാതകം: കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ 9 പ്രതികൾ അറസ്റ്റിൽ

Bynewsdesk

Sep 26, 2024

തൃശൂര്‍ കൈപ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും വലയിലായി. മുഖ്യ പ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും വലയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്‍റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്‍റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്‍റെ കൊലപാതകം.

അവിശ്വസനീയമായ സാമ്പത്തിക തട്ടിപ്പാണ് നടനനത്. പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ തട്ടിപ്പിനിരയായ ആള്‍ കൊട്ടേഷന്‍ നല്‍കി. ആളെ വിളിച്ചു വരുത്തി തല്ലിക്കൊന്നു. മരണമുറപ്പായതോടെ ആംബുലന്‍സില്‍ കയറ്റി അയച്ച്  പ്രതികള്‍ മുങ്ങി. കൈപ്പമംഗലത്ത് അരുണ്‍ എന്ന ചാള്‍സ് ബഞ്ചമിന് കൊല്ലപ്പെട്ട് നാല്പത്തിയെട്ട് മണിക്കൂര്‍ പിന്നിടും മുമ്പ് പ്രതികളെ മുഴുവന്‍  പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് പൊലീസ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. റേഡിയോ ആക്ടീവ് പദാര്‍ഥമായ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂരിലെ ഐസ്ക്രീം വ്യാപാരിയായ സാദിഖില്‍ നിന്ന് അമ്പത് ലക്ഷം പലപ്പോഴായി അരുണ്‍ വാങ്ങി. കോയമ്പത്തൂരില്‍ വച്ചുള്ള പരിചയത്തിന്‍റെ പുറത്തായിരുന്നു ഇടപാട്.

അരുണും സുഹൃത്തായ ശശാങ്കനും ചേര്‍ന്നായിരുന്നു പണം തട്ടിയത്. അരുണും ശശാങ്കനുമായി തെറ്റിയ മറ്റൊരാള്‍ തട്ടിപ്പ് വിവരം സാദിഖിനെ അറിയിച്ചു. ചതി മനസ്സിലാക്കിയ സാദിഖ് കൈപ്പമംഗലത്തുള്ള തക്കുടു എന്നു വിളിപ്പേരുള്ള ഗൂണ്ടയ്ക്ക് കൊട്ടേഷന്‍ നല്‍കി. ഇയാള്‍ കൈപ്പമംഗലം സ്റ്റേഷന്‍ ഗുണ്ടയാണ്.

സംഘാംഗങ്ങള്‍ തൃശൂരിലേക്ക് അരുണിനെയും ശശാങ്കനെയും വിളിച്ചു വരുത്തുകയും കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയുമയിരുന്നു. പിന്നീട് കൈപ്പമംഗലത്തെ വീട്ടിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. മൃതപ്രായനെന്ന് ഉറപ്പായതോടെ ആംബുലന്‍സ് വിളിച്ചുവരുത്തി കയറ്റി അയച്ചു. പൊലീസ് തേടിത്തുടങ്ങിയപ്പോഴേക്കും പ്രതികള്‍ കടന്നു കളഞ്ഞു. പന്ത്രണ്ട് പ്രതികളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒമ്പത് പേരുമാണ് വലയിലായിരിക്കുന്നത്.

അതിനിടെ കൊല്ലപ്പെട്ട അരുണിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ അമ്പതിലേറെ പരിക്കുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നല്‍കുന്ന പ്രാഥമിക സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *