വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. എട്ടുപേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും രക്ഷപെടുത്തി. ഇവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. നാലുമാസം ഗര്‍ഭിണിയായ യുവതിയും പന്ത്രണ്ടുകാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. മൊമിന്‍ മിര്‍ജ, അബ്ദന്‍, അബ്ദുല്‍ റഹ്മാന്‍, ദേവ്റുദ്ദിന്‍, സല്‍മ, ചോടെ, സക്കീന, സമദ് എന്നിവരാണ് സാരമായി പരുക്കേറ്റ് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. സത്യനികേതനില്‍ ഹോസ്റ്റല്‍ തകര്‍ന്ന് ഏഴുേപര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സീമാപുരിയിലും അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കെട്ടിടത്തിനടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിപ്പോയിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടമുണ്ടായ സ്ഥലത്തേക്ക് ആളുകള്‍ യാത്ര ചെയ്യരുതെന്നും ആംബുലന്‍സുകള്‍ക്കും രക്ഷാ വാഹനങ്ങള്‍ക്കും സുഗമമായി യാത്ര ഉറപ്പാക്കണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. സീമാപുരിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും ട്രാഫിക് പൊലീസിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തിന് പിന്നാലെ കെട്ടിടത്തില്‍ വിള്ളലുകള്‍ വീണിരുന്നുവെന്ന് താമസക്കാര്‍ പറയുന്നു. ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്നു; ഗര്‍ഭിണിയും രണ്ട് കുട്ടികളും മരിച്ചു

