• Thu. Sep 19th, 2024
Top Tags

ജയത്തുടർച്ച തന്നെ ലക്ഷ്യം; പോർച്ചുഗലും ബ്രസീലും ഇന്ന് കളത്തിൽ

Bydesk

Nov 28, 2022

ഖത്തർ ലോകകപ്പിൽ ഇന്ന് ബ്രസീലും പോർച്ചുഗലും കളത്തിൽ. ഗ്രൂപ്പ് ജിയിൽ രാത്രി ഇന്ത്യൻ സമയം 9.30ന് സ്വിറ്റ്സർലൻഡിനെതിരെ ബ്രസീൽ ഇറങ്ങുമ്പോൾ ഗ്രൂപ്പ് എച്ചിൽ പുലർച്ചെ 12.30ന് ഉറുഗ്വെ ആണ് പോർച്ചുഗലിൻ്റെ എതിരാളികൾ. ഗ്രൂപ്പ് ജിയിൽ തന്നെ കാമറൂൺ – സെർബിയ മത്സരം ഉച്ചകഴിഞ്ഞ് 3.30നും ഗ്രൂപ്പ് എച്ചിൽ ദക്ഷിണ കൊറിയ – ഘാന മത്സരം വൈകിട്ട് 6.30നും നടക്കും.

സെർബിയക്കെതിരെ ആധികാരിക ജയം നേടിയെത്തുന്ന ബ്രസീൽ ജയം തുടരാൻ തന്നെയാവും ഇന്ന് ഇറങ്ങുക. സൂപ്പർ താരം നെയ്‌മർ ഇറങ്ങില്ലെങ്കിലും അത് ബ്രസീലിനെ കാര്യമായി ബാധിക്കില്ല. പ്രത്യേകിച്ച് സ്വിറ്റ്സർലൻഡ് പോലൊരു ടീമിനെതിരെ. വളരെ മികച്ച താരങ്ങളാണ് ബ്രസീലിനായി ബെഞ്ചിൽ ഇരിക്കുന്നത്. സെർബിയക്കെതിരെ അവസാന 20 മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി ടിറ്റെ കാണിച്ച മാജിക്ക് തന്നെയാണ് ബ്രസീലിൻ്റെ കരുത്ത്. നെയ്‌മർ കളിച്ചില്ലെങ്കിൽ പിഎസ്ജി താരം ഫ്രെഡ് ടീമിലെത്തിയേക്കും. റൈറ്റ് ബാക്ക് ഡാനിലോയും പരുക്കേറ്റ് പുറത്താണ്. ഇത് ഡാനി ആൽവസിനു വഴിയൊരുക്കും.

ആദ്യ കളിയിൽ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ സ്വിറ്റ്സർലൻഡ് സമനിലയെങ്കിലും ലക്ഷ്യമിട്ടാവും ഇറങ്ങുക. കാമറൂണിനെപ്പോലെയല്ല ബ്രസീൽ എന്ന കൃത്യമായ ബോധ്യം അവർക്കുണ്ടാവും. കഴിഞ്ഞ കളിയിൽ ഗോൾ കീപ്പർ യാൻ സോമ്മറിന് വലിയ പണി ഇല്ലായിരുന്നു. പക്ഷേ, ഈ കളി അങ്ങനെയാവില്ല. അതേസമയം, യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ – പോർച്ചുഗൽ പോലെ വമ്പന്മാരെ കീഴടക്കിയ സ്വിറ്റ്സർലൻഡിനെ അത്ര നിസാരരായി കാണാനാവില്ല. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെ സമനിലയിൽ പിടിക്കാൻ അവർക്ക് സാധിച്ചിരുന്നു. സർദാൻ ഷക്കീരി, ഗ്രാനിറ്റ് സാക്ക എന്നീ എലീറ്റ് താരങ്ങൾ പതിവ് ഫോമിലേക്കുയർന്നാൽ ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി കാണാം.

ഫോമും കരുത്തും പരിഗണിക്കുമ്പോൾ പോർച്ചുഗൽ അനായാസം ഉറുഗ്വെയെ വീഴ്ത്താനാണ് സാധ്യത. സമ്മർദ്ദ ഘട്ടങ്ങളിൽ അസാമാന്യ പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസും ഡിയോഗോ ഡാലോടും ബെർണാഡോ സിൽവയും ജാവോ ഫെലിക്സുമൊക്കെ പോർച്ചുഗലിൻ്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കാമറൂണിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ട് ഗോൾ വഴങ്ങിയത് പോർച്ചുഗലിനു ഭീഷണിയാണ്. ജോ കാൻസലോ, റൂബൻ ഡിയാസ് തുടങ്ങി മികച്ച താരങ്ങൾ ഉൾപ്പെടുന്ന പോർച്ചുഗലിൻ്റെ ഡിഫൻസീവ് ലൈനിൻ്റെ ഷേപ്പ് ഘാനയ്ക്കെതിരെ പലപ്പോഴും മുറിഞ്ഞു. ഇതാവും പോർച്ചുഗലിനെ അലട്ടുന്നത്.

‘അവർക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലിന് ആഗ്രഹം നെയ്മറുടെ കാലൊടിയാൻ’; റാഫിഞ്ഞ

മറുവശത്ത് ഏഷ്യൻ കരുത്തിൽ വിറച്ച മറ്റൊരു വമ്പൻ ടീമാണ് ഉറുഗ്വെ. ആദ്യ കളിയിൽ ദക്ഷിണ കൊറിയക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയ ഉറുഗ്വെയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ലൂയിസ് സുവാരസ്, ഡാർവിൻ ന്യൂനസ്, ഫെഡെറിക്കോ വാൽവെർദെ, എഡിസൺ കവാനി തുടങ്ങി മോശമല്ലാത്ത ആക്രമണ നിര ഉറുഗ്വെയ്ക്കുണ്ട്. ഇവർക്ക് കൃത്യമായി സ്പേസ് കണ്ടെത്താൻ കഴിഞ്ഞാൽ ഉറുഗ്വെയ്ക്ക് സാധ്യതയുണ്ട്.

തങ്ങളുടെ ആദ്യ മത്സരങ്ങൾ പരാജയപ്പെട്ട കാമറൂണും സെർബിയയും ജയം ലക്ഷ്യമിട്ട് തന്നെ ഇറങ്ങും. സെർബിയയ്ക്കാണ് ജയസാധ്യത. ഉറുഗ്വെയെ പിടിച്ചുനിർത്തിയ ദക്ഷിണ കൊറിയ ഘാനയെ കീഴടക്കാമെന്ന പ്രതീക്ഷയുമായാവും ഇറങ്ങുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *