• Fri. Sep 20th, 2024
Top Tags

അർജന്റീന ഫൈനലിൽ

Bydesk

Dec 14, 2022

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്തു കൊണ്ട് മെസ്സിയും അര്‍ജന്റീനയും ഫൈനലില്‍. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സിയുടെ മായാജാലവും ഒപ്പം യുവതാരം ഹൂലിയന്‍ ആല്‍വാരസിന്റെ ഇരട്ട ഗോളുകളും ഇന്ന് അര്‍ജന്റീന വിജയത്തില്‍ കരുത്തായി. ആദ്യ പകുതിയില്‍ ക്രൊയേഷ്യക്ക് ആയിരുന്നു മികച്ച തുടക്കം ലഭിച്ചത്. അവരുടെ മിഡ്ഫീല്‍ഡ് കളി നിയന്ത്രിക്കുന്നത് ആണ് ആദ്യ പകുതിയില്‍ കണ്ടത്. അവര്‍ പൊസഷന്‍ കീപ്പ് ചെയ്ത് കളിച്ചു എങ്കിലും അര്‍ജന്റീന കീപ്പറെ പരീക്ഷിക്കാന്‍ ആയില്ല.

മറുവശത്ത് അര്‍ജന്റീന നല്ല അവസരം സൃഷ്ടിക്കാന്‍ 33 മിനുട്ടുകള്‍ എടുത്തു. ഹൂലിയന്‍ ആല്‍വരസിന് കിട്ടിയ ഒരു പാസ് താരത്തിന് ഒറ്റയ്ക്ക് മുന്നേറാനുള്ള അവസരം നല്‍കി. ആല്വരസ് ലിവകോവിചിന് മുകളിലൂടെ പന്ത് തൊടുത്തു എ‌ങ്കിലും അത് ക്രൊയേഷ്യ ക്ലിയര്‍ ചെയ്തു. പക്ഷെ ആല്‍വരസിനെ ലിവകോവിച് വീഴ്ത്തി എന്ന് പറഞ്ഞ് റഫറി പെനാള്‍ട്ടി വിധിച്ചു.

പെനാള്‍ട്ടി എടുത്ത മെസ്സി പന്ത് വലയില്‍ എത്തിച്ചു. സ്കോര്‍ 1-0. മെസ്സിയുടെ അര്‍ജന്റീനക്കായുള്ള ലോകകപ്പിലെ പതിനൊന്നാം ഗോളായി ഇത്.

അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യന്‍ ബാലന്‍സ് എല്ലാം ആ ഗോളോടെ തകര്‍ന്നു. 34ആം മിനുട്ടില്‍ വീണ്ടും ഹൂലിയന്‍ ആല്‍വാരസ് ക്രൊയേഷ്യ ഡിഫന്‍സ് തകര്‍ത്തു. ഇത്തവണ മൈതാന മധ്യത്ത് നിന്നുള്ള ഒറ്റക്കുള്ള കുതിപ്പ്‌. ആ റണ്‍ തടയാന്‍ ആര്‍ക്കും ആയില്ല. ആല്വരസ് പന്തുമായി ഗോള്‍ വല വരെ മുന്നേറി കൊണ്ട് അര്‍ജന്റീനയുടെ ലീഡ് ഇരട്ടിയാക്കി.

ഒരു കോര്‍ണറില്‍ നിന്ന് ലിവകോവിചിന്റെ വന്‍ സേവ് ഇല്ലായിരുന്നു എങ്കില്‍ അര്‍ജന്റീന മൂന്നാം ഗോള്‍ കൂടെ ആദ്യ പകുതിയില്‍ നേടിയേനെ.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ മാറ്റങ്ങളും വരുത്തി അറ്റാക്കില്‍ കൂടുതല്‍ ശ്രദ്ധയും നല്‍കി. എങ്കിലും മെസ്സിയെയും സംഘത്തെയും തടയാന്‍ ഇതു കൊണ്ടൊന്നും ആകുമായിരുന്നില്ല.

70ആം മിനുട്ടില്‍ ലയണല്‍ മെസ്സി താ‌ന്‍ പകരം വെക്കാനില്ലാത്ത താരമാണെന്ന് ലോകത്തിന് ഒരിക്കല്‍ കൂടി കാണിച്ചു തന്നു. വലതു വിങ്ങില്‍ ടച്ച്‌ ലൈനിലൂടെ പെനാള്‍ട്ടി ബോക്സിലേക്ക് കയറിയ മെസ്സിയുടെ റണ്‍ ഏവരെയും ഞെട്ടിച്ചു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ഗ്വാര്‍ഡിയോളിനെ മെസ്സി ഒരു നിമിഷം കൊണ്ട് തകര്‍ത്തു കളത്തു. ബോക്സില്‍ വെച്ച്‌ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച്‌ ഹൂലിയന്‍ ആല്‍വാരസ് തന്റെ രണ്ടാം ഗോളും അര്‍ജന്റീനയുടെ മൂന്നാം ഗോളും നേടി. പിന്നീട് അര്‍ജന്റീന ചില മാറ്റങ്ങള്‍ വരുത്തി. പോളോ ദിബാലയും കളത്തില്‍ എത്തി. ക്രൊയേഷ്യ ചില വൈല്‍ഡ് ഗോള്‍ അറ്റമ്ബ്റ്റുകള്‍ നടത്തി എങ്കിലും ഫലം മാറിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *