• Thu. Sep 19th, 2024
Top Tags

ഒഡീഷയിലെ ട്രെയിൻ ദുരന്തം: മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മലയാളികളും.

Bydesk

Jun 3, 2023

രാജ്യത്തെ നടുക്കിയ ഒഡീഷ – ട്രെയിന്‍ ദുരന്തത്തിൽ  അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

അപകടത്തിൽ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. റിസർവ് ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ എല്ലാം എടുത്തതായും ഇവ ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടാണെന്നും റെയിൽവെ വ്യക്തമാക്കി.

അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. മന്ത്രി അശ്വിനി വൈഷ്ണവിന് പിന്നാലെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷക്ക് തിരിച്ചു.

അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡൽ ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിൽ ദുഖം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *