തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ലഭിക്കുന്നത്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ഡിസംബർ ജനുവരി മൂന്നുവരെ തെക്കൻ കേരളത്തിൽ മിതമായ – ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. വിവിധ ജില്ലകളിൽ ശക്തമായ ചൂട് തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ലഭിക്കുന്നത്.
നാളെ (തിങ്കളാഴ്ച) കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.