• Mon. Sep 23rd, 2024
Top Tags

കുപ്പിച്ചില്ല് മാലിന്യത്തിന് പരിഹാരവുമായി ശ്രീകണ്ഠപുരം നഗരസഭ

Bydesk

Mar 10, 2022

കണ്ണൂര്‍: ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ.

‘ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം’ എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മസേന ശേഖരിച്ച നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതി പങ്കാളിയായ ഗ്രീൻ വേംസ് എന്ന എജന്‍സിക്ക് കൈമാറി. 18 ദിവസങ്ങള്‍ കൊണ്ടാണ് നഗരസഭയുടെ 30 വാര്‍ഡുകളില്‍ നിന്നായി 8000 കിലോഗ്രാം കുപ്പിച്ചില്ലുകള്‍ ശേഖരിച്ചത്. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശുചിത്വ ക്യാമ്പയിനാണ് നഗരസഭ നടത്തിവരുന്നത്. കാവുമ്പായില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ വി ഫിലോമിന ടീച്ചർ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി നസീമ അധ്യക്ഷയായി. നഗരസഭ വൈസ്-ചെയർമാൻ ശിവദാസൻ, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രാംഗദന്‍ മാസ്റ്റര്‍, മുനിസിപ്പൽ സെക്രട്ടറി പ്രവീൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറന്മാരായ സന്ദീപ്, മുനീർ, ഷാലിജ്, രേഖ എന്നിവർ സന്നിഹിതരായിരുന്നു.

ജനുവരിയില്‍ ആരംഭിച്ച ‘ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം’ ക്യാമ്പയിന്റെ ഭാഗമായി നിരവധി മാലിന്യ നിര്‍മാര്‍ജന പ്രവർത്തനങ്ങള്‍ നഗരസഭയില്‍ നടന്നു വരികയാണ്. കഴിഞ്ഞ മാസം സംഘടിപ്പിച്ച ‘ഹരിത പാത രാജപാത’ പരിപാടിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയിലെ സംസ്ഥാന പാതയോരം ശുചീകരിച്ചു. വീടുകളില്‍ നിന്ന് പഴകിയ ചെരുപ്പുകള്‍ ബാഗുകള്‍ എന്നിവ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയും നടപ്പിലാക്കി. കുപ്പിച്ചില്ല് ശേഖരണത്തിനു ശേഷം ഇനി പാഴ്തുണികള്‍ ശേഖരിക്കുന്ന പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നഗരസഭ.

ക്യാമ്പയിന്റെ ഭാഗമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളെ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ടീച്ചറും കുട്ടികളും പരിപാടി, എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫ് സ്ഥാപിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, ഹരിത സേനകള്‍ക്ക് യൂണിഫോം വിതരണം, ശുചിത്വ ക്വിസ് തുടങ്ങിയ പരിപാടികളും നടത്തും. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നഗരസഭയിലെ കാവുമ്പായില്‍ പ്രവര്‍ത്തിക്കുന്ന എം സി എഫ് കേന്ദ്രത്തില്‍ തരംതിരിക്കുകയും അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യുകയാണ് നഗരസഭ ചെയ്യുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുത്ത് റോഡ് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *