• Mon. Sep 23rd, 2024
Top Tags

ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ

Bydesk

Mar 14, 2022

ചെറുപുഴ∙ മലയോര പാതയിൽ കണ്ണൂർ -കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ. തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച പാലം 1998 സെപ്റ്റംബർ 19ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫാണു ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ 2 തൂണുകളിലേയും കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തു കാണാൻ തുടങ്ങിയതോടെ പാലം തകർച്ച ഭീഷണിയിലായി. പാലത്തിനു മുകളിൽ നിന്നു നോക്കിയാൽ യാതൊരു തകരാറും  കാണാനില്ല. പുഴയിൽ ഇറങ്ങി നോക്കിയാൽ മാത്രമേ പാലത്തിന്റെ തൂണുകളിലെ കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്തു നശിക്കുന്നത് കാണാനാകൂ. പാലത്തിന്റെ നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണമുണ്ട്. ആവശ്യത്തിനു സിമന്റു ഉപയോഗിക്കാത്തതും ഗുണനിലവാരമില്ലാത്ത കമ്പികൾ ഉപയോഗിച്ചതുമാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായത്. ഇതിനുപുറമെ തൂണിന്റെ അടിത്തറയുടെ കോൺക്രീറ്റും ഇളകി പോകാൻ തുടങ്ങി. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണു പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാൽ പാലം തകർച്ച ഭീഷണിയിലാണെന്ന കാര്യം യാത്രക്കാർക്കും നാട്ടുകാർക്കും അറിയില്ല.

60 വർഷങ്ങൾക്ക് മുൻപ് നിർമിച്ച ചെറുപുഴ പഴയപാലത്തിന്റെ തൂണുകൾ യാതൊരു കേടുപാടുകളും ഇല്ലാതെ സുരക്ഷിതമായി നിൽക്കുമ്പോഴാണു  25 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ തൂണുകൾ അപകട ഭീഷണിയിലായിരിക്കുന്നത്. മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ മലയോര പാതയുടെ കാസർകോട് ജില്ലയിലെ നിർമാണം പുരോഗമിക്കുന്നതിനിടെ ചെറുപുഴ പുതിയ പാലത്തിന്റെ തൂണുകൾ അപകടാവസ്ഥയിലായത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *