• Sat. Sep 21st, 2024
Top Tags

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് :കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനവും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിക്കും

Bydesk

Mar 22, 2022

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച (22.03.2022) ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആരോഗ്യവും വനിതാ-ശിശു വികസനവും വകുപ്പുമന്ത്രി  വീണാ ജോർജ്ജ് നിർവഹിക്കും.

 എം.വിജിൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരിക്കും. മുൻ എം.എൽ.എ  ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി എം കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി സുലജ, ജില്ലാ കളക്ടർ  എസ്.ചന്ദ്രശേഖരൻ, ഡി.എം.ഇ ഡോ റംല ബീവി, ജെ.ഡി.എം.ഇ (മെഡിക്കൽ) ഡോ തോമസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

കിഫ്ബി ഫണ്ടിൽ നിന്നും 35.52 കോടി രൂപ ചെലവിൽ മെഡിക്കൽ കോളേജ് ആശുപത്രി നവീകരണം സംസ്ഥാന സർക്കാർ ഇതിനോടകം തീരുമാനിച്ചതാണ്. മെഡിക്കൽ കോളേജ് ആശു പത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, കെട്ടിടത്തിലെ അറ്റകുറ്റപണികൾ, പുതിയ അഗ്നിശമന സുരക്ഷാ സംവിധാനമൊരുക്കൽ, മെഡിക്കൽ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം, ഹൈമാസ്റ്റ് ലൈറ്റുകൾ സജ്ജീകരിക്കൽ, അത്യാധുനിക ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാന മൊരുക്കൽ, കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുൾപ്പെടുന്നതാണ് മെഡിക്കൽ കോളേജിലെ നവീകരണ പ്രവൃത്തി.

2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 1.74 കോടി രൂപ ചെലവിൽ ഒരുക്കിയ ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിക്കും. ഇതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ എക്‌സ്-റേ വിഭാഗത്തിൽ രോഗികൾക്കായി അതിനൂതന സംവിധാനം ലഭ്യമാകും. ഫോട്ടോ എടുക്കുന്ന വേഗതയിൽ സെക്കന്റുകൾക്കകം മികച്ച വ്യക്തതയോടെ എക്‌സ്-റേ ഫലം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. തുടർച്ചയായി 100 പേരുടെ എക്‌സ്-റേ എടുക്കാൻ കഴിയുമെന്നതും റേഡിയേഷൻ തോത് ക്രമാതീതമായി കുറഞ്ഞ രോഗനിർണ്ണയ സംവിധാനമാണ് ഈ ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റത്തിലേത് എന്നതും മറ്റ് സവിശേഷതകളാണ്. റേഡിയേഷൻ സുരക്ഷ ഉറപ്പാക്കിയ ശേഷം ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനുള്ള എ.ഇ.ആർ.ബി ലൈസൻസും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *