• Fri. Sep 20th, 2024
Top Tags

സന്തോഷ് ട്രോഫിയില്‍ കർണാടകയെ തകർത്ത് കേരളം ഫൈനലിൽ

Bydesk

Apr 29, 2022

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. കര്‍ണാടകയെ അയല്പക്കാര്‍ എന്നുള്ള ദയ പോലും കാണിക്കാതെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകള്‍ നേടിയ ജെസിന്റെ മികവില്‍ 7-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്‌.

 

കളി കേരളത്തിന്റെ കയ്യില്‍ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോള്‍ ബിനോ ജോര്‍ജ്ജ് നടത്തിയ ജെസിന്റെ സബ്സ്റ്റിട്യൂഷന്‍ ആണ് കളിയുടെ ഗതി മാറ്റിയത്. ഇന്ന് പയ്യനാടില്‍ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തില്‍ കേരളം ആണ് മികച്ച രീതിയില്‍ തുടങ്ങിയത്. തുടര്‍ ആക്രമണങ്ങള്‍ കേരളം നടത്തിക്കൊണ്ടേ ഇരുന്നു. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കര്‍ണാടക പെനാള്‍ട്ടി ബോക്സ് തിരക്കിലായെങ്കിലും ഗോള്‍ ഒന്നും പിറന്നില്ല. കെവിന്‍ കോശിയുടെ നല്ല സേവുകള്‍ കളി ഗോള്‍ രഹിതമായി നിര്‍ത്തി. വിഗ്നേഷിന്റെ ഒരു ഷോട്ടില്‍ നിന്ന് നല്ല സേവ് തന്നെ നടത്തേണ്ടി വന്നു കെവിന് കളി ഗോള്‍ രഹിതമായി നിര്‍ത്താന്‍.

കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയിലാണ് മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കര്‍ണാകട ഗോള്‍ നേടി. 25ആം മിനുട്ടില്‍ സുധീര്‍ ആണ് പന്ത് വലയില്‍ എത്തിച്ചത്. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നല്‍കിയ ക്രോസ് ബാക്ക് പോസ്റ്റില്‍ ഓടിയെത്തിയ സുധീര്‍ ലക്ഷ്യത്തില്‍ എത്തിച്ചു. ഈ ഗോള്‍ പിറന്നതിന് പിന്നാലെ ബിനോ ജോര്‍ജ്ജ് വിക്നേഷിനെ പിന്‍വലിച്ച്‌ ജെസിനെ കളത്തില്‍ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടില്‍ ജെസിന്റെ ഫിനിഷ്. ഗോള്‍ ലൈന്‍ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിന്‍ വല കണ്ടെത്തിയത്‌.

 

42ആം മിനുട്ടില്‍ ജെസിന്‍ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച്‌ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നില്‍. അവിടെയും തീര്‍ന്നില്ല 45ആം മിനുട്ടില്‍ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോള്‍ നേടിയതോടെ കേരളം ആദ്യ പകുതിയില്‍ തന്നെ 4-1ന് മുന്നില്‍.

രണ്ടാം പകുതിയില്‍ കര്‍ണാടക വല നിറയാന്‍ തുടങ്ങി. തുടക്കത്തില്‍ കമലേഷിന്റെ ഒരു ലോങ് റേഞ്ചര്‍ കര്‍ണാടകയ്ക്ക് രണ്ടാം ഗോള്‍ നല്‍കി എങ്കിലും പിന്നാലെ ജെസിന്‍ വിളയാട്ട് തുടര്‍ന്നു. 56ആം മിനുട്ടില്‍ മൈതാന മധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പ് തന്റെ നാലാം ഗോളിലാണ് ജെസി അവസാനിപ്പിച്ചത്. സ്കോര്‍ 5-2.

61ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ കേരളത്തിന്റെ ആറാം ഗോള്‍. കര്‍ണാടക ഇതിനു ശേഷം ഒരു ഗോള്‍ കൂടെ മടക്കി കളി 6-3 എന്നാക്കി. കര്‍ണകയ്ക്ക് അതിലും ആശ്വാസം കണ്ടെത്താന്‍ ജെസിന്‍ അനുവദിച്ചില്ല. ജെസിന്റെ അഞ്ചാം ഗോള്‍ വന്നു. കേരളത്തിന്റെ ഏഴാം ഗോള്‍. സ്കോര്‍ 7-3. ഫൈനലിലേക്ക് കേരളം തല ഉയര്‍ത്തി തന്നെ മാര്‍ച്ച്‌ ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *