• Sat. Sep 21st, 2024
Top Tags

കുറ്റ്യാട്ടൂരിന്റെ മധുരം ഇനി നഗരത്തിലും; ഒരു കിലോ മാമ്പഴത്തിന് 50 രൂപ, ഒരു മണിക്കൂറിനുള്ളിൽ വിറ്റത് 200 കിലോ

Bydesk

May 12, 2022

കണ്ണൂർ∙ ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് അവർ പറഞ്ഞു. ആർടിഒ പരിസരത്തെ അർബൻ സ്ട്രീറ്റ് മാർക്കറ്റിലാണ് വിപണന കേന്ദ്രം ആരംഭിച്ചത്. നടൻ കരമന സുധീർ സ്റ്റാൾ സന്ദർശിച്ചു. ജില്ലയുടെ ഉൾപ്രദേശങ്ങളിൽ ധാരാളമായുള്ള കുറ്റ്യാട്ടൂർ മാമ്പഴം നഗരപ്രദേശങ്ങളിൽ ലഭ്യമാക്കുക, കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാൾ തുടങ്ങിയത്.

മാമ്പഴം കൂടാതെ മാവിന്റെ ഗ്രാഫ്റ്റ് തൈകളും വിൽപനയ്ക്കുണ്ട്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.അനിത അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ വി.ഒ.പ്രഭാകരൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ഇ.കെ.അജിമോൾ, എം.എൻ.പ്രദീപൻ, സി.വി.ജിതേഷ്, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് അംഗം കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.

അച്ചാറു മുതൽ അരി വരെ

പ്രവർത്തനം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ 200 കിലോഗ്രാം മാമ്പഴമാണ് ഇവിടെ നിന്നു വിറ്റുപോയത്. ആഴ്ചയിൽ ബുധൻ, വെള്ളി ദിവസങ്ങളിലാണ് സ്റ്റാൾ പ്രവർത്തിക്കുക. ഒരു കിലോഗ്രാം മാമ്പഴത്തിന് 50 രൂപയാണ് വില. വരും ദിവസങ്ങളിൽ മൂല്യവർധിത ഉൽപന്നങ്ങളായ മാമ്പഴ ജാം, സ്ക്വാഷ്, പച്ച മാങ്ങാ ജാം, പച്ച മാങ്ങാ സ്ക്വാഷ്, പച്ച മാങ്ങാ പൗഡർ, കറി മാങ്ങ, അടമാങ്ങ, മാങ്ങയച്ചാർ, കച്ച് മാങ്ങാ, മാങ്ങാ സോഡ എന്നിവയും കുറ്റ്യാട്ടൂർ അരിയും വിപണനത്തിനുണ്ടാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *