• Sat. Sep 21st, 2024
Top Tags

കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോണുമായി കൃഷി വകുപ്പ്

Bydesk

Sep 17, 2022

കണ്ണൂർ: നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതൽ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കാനുളള പരീശീലനവും കാർഷിക ഡ്രോൺ പ്രദർശനവും നടത്തി. ജില്ലയിൽ കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ആണൂർ ചൂലോടി പാടശേഖരത്തിലും മയ്യിൽ ഗ്രാമപഞ്ചായത്തിലെ മയ്യിൽ താഴെ പാടശേഖരത്തിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ കാർഷിക ഡ്രോണുകളുടെ പ്രവർത്തന പ്രദർശനം നടത്തിയത്.

ഒരു ഹെക്ടർ പാടത്ത് മരുന്ന് തളിക്കാൻ 700 രൂപയാണ് വാടക. നെൽച്ചെടികളുടെ അസുഖങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാനും മരുന്നു തളിക്കാനും ഡ്രോൺ ഉപയോഗിച്ച് സാധിക്കും. എട്ടു മിനുട്ട്‌കൊണ്ട് ഒരേക്കറിൽ പാടത്ത് മരുന്ന് തളിക്കാൻ സാധിക്കും. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ രൂപയാണ് ഇത്തരം ഡ്രോണുകൾക്ക് വില.

പാടശേഖര സമിതികൾക്കും കർഷക കൂട്ടായ്മകൾക്കും 75% സബ്‌സിഡിയോടെ ഡ്രോൺ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്ക് 50% സബ്‌സിഡിക്കും ഡ്രോൺ ലഭ്യമാകും.

കരിവെളളൂർ-പെരളം പഞ്ചായത്തിലെ ഡ്രോൺ വഴിയുളള പരീക്ഷണ തളിക്കൽ ആണൂർ ചൂലോടി പാടശേഖരത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷയായി. മയ്യിൽ പഞ്ചായത്തിലെ ഡ്രോൺ വഴിയുളള പരിശീലന തളിക്കലും പ്രദർശനവും മയ്യിൽ താഴെ പാടശേഖരത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു അധ്യക്ഷനായി.

14 ജില്ലകളിലും ഡ്രോണുകൾ എത്തിച്ച് കർഷകർക്ക് വാടകയ്ക്ക് നൽകാൻ ലക്ഷ്യമിടുന്നതായി കൃഷി വകുപ്പ് ഉത്തരമേഖല എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി കെ മോഹനൻ പറഞ്ഞു. കൃഷിവകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗമാണ് പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് അംഗങ്ങളും കൃഷിവിജ്ഞാൻ കേന്ദ്ര ഉദേ്യാഗസ്ഥരും കൃഷി വകുപ്പ് ഉദേ്യാസ്ഥരും പങ്കെടുത്തു. 2022-23ലെ കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർഷിക വികസന കർഷകക്ഷേമവകുപ്പ് ജില്ലയിൽ പരിശീലന പരിപാടി നടപ്പാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *