തിരുവനന്തപുരം: ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിൽ ജയ. എസ് എന്ന വീട്ടമ്മയുടെ ദയനീയ അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അടിയന്തര ഇടപെടൽ. അവധി ദിനമായിട്ടുപോലും കുടുംബത്തിന് മണിക്കൂറുകൾക്കകം റേഷൻ കാർഡ് ശരിയാക്കി നേരിട്ട് എത്തി നൽകി. പറക്ക മുറ്റാത്ത നാലു കുട്ടികളുമായി വാടക വീട്ടിൽ കഴിയുകയായിരുന്നു ജയ. ആധാർ കാർഡുള്ള, മറ്റൊരു റേഷൻ കാർഡിലും പേരില്ലാത്ത എല്ലാവർക്കും ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുകയാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വാടക വീട്ടിൽ കഴിയുന്നവർക്കും വാടക ചീട്ട് ഇല്ലെങ്കിലും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയുമായി റേഷൻ കാർഡിന് അപേക്ഷ സമർപ്പിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കുന്ന സംവിധാനമാണ് ഭക്ഷ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ഥലം എം.എൽ.എയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി.ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ജയയുടെ കുട്ടികളുടെ പഠനാവശ്യത്തിനായി ഭക്ഷ്യ മന്ത്രി ഒരു സ്മാർട്ട് ഫോൺ നൽകി. പ്രദേശത്തെ പാർട്ടി പ്രവർത്തകർ സമാഹരിച്ചു നൽകിയ ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും മന്ത്രിമാർ കുടുംബത്തിന് കൈമാറി.