ഇരിട്ടി: പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ മിനി ലോറിയിച്ച് അപകടം. പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. കാക്കയങ്ങാട് ഊർപ്പൽ സ്വദേശി ആശാരി ബൈജുവിൻ്റെ ഭാര്യ സജിനിയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം എടത്തൊട്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ ചെങ്കൽ കയറ്റാനായി പോകുകയായിരുന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.പാൽ വിതരണത്തിനെത്തിയ ഒട്ടോറിക്ഷയിൽ നിന്നും പാൽ വാങ്ങുന്നതിനിടെ പേരാവൂർ ഭാഗത്തു നിന്നും എത്തിയ മിനിലോറി ഓട്ടോറിക്ഷയിലും പാൽ വാങ്ങാനെത്തിയ സജിനിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ സജിനിയെയും ഒട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കെ.പി.ബാബു, സ്മിത എന്നിവരെയും ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും സജിനിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട നടന്നതിന് തൊട്ടടുത്ത് വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവാണ് സജിനിയുടെ ഭർത്താവ്, അഭിനവ്, അഭിജിത്ത് എന്നിവർ മക്കളാണ്. പോസ്റ്റമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിനിടയാക്കിയ മിനിലോറി മുഴക്കുന്ന് പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇരിട്ടി പേരാവൂർ റോഡിൽ രാവിലെകളിൽ ഇത്തരത്തിൽ ചെങ്കൽ ലോറികളുടെ മത്സരപാച്ചിലാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.