ശ്രീകണ്ഠപുരം: പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പയ്യാവൂർ പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ. ഇനിയും എത്ര കാലം ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ജോലി നോക്കേണ്ടി വരുമെന്നാണ് പോലീസുകാർ ചോദിക്കുന്നത്. നിന്ന് തിരിയാനിടമില്ലാത്ത പോലീസ് സ്റ്റേഷനിൽ ഒമ്പത് പോലീസുകാർ നിലവിൽ കോവിഡ് ബാധിച്ച് ക്വാറന്റൈനിലാണ്.
കണ്ടകശ്ശേരിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇവിടേക്ക് മാറാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. കണ്ടകശ്ശേരി പളളി പുഴയോരത്ത് സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് പോലീസ് സ്റ്റേഷൻ നിർമിച്ചത്. ഒരു കോടി രൂപ ചെലവിൽ ഹെബിറ്റാറ്റാണ് നിർമാണം നടത്തിയത്. രണ്ട് നിലകളായി നിർമിച്ച കെട്ടിടത്തിൽ വിശ്രമമുറി, കമ്പ്യൂട്ടർ റൂം, റെക്കോർഡ് റൂം, സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ പ്രതികളെ സൂക്ഷിക്കാനുള്ള മൂന്ന് സെൽ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്.
കെട്ടിടം നിർമാണം നടത്തിയ കരാർ കമ്പനിക്ക് സർക്കാർ പണം നൽകാൻ വൈകുന്നതാണ് സ്റ്റേഷൻ മാറ്റത്തിന് പ്രധാന തടസം. 25 ലക്ഷത്തോളം രൂപ കമ്പനിക്ക് സർക്കാർ നൽകാനുണ്ട്. കൂടാതെ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഗസറ്റിൽ വിജ്ഞാപനമിറക്കേണ്ടതുമുണ്ട്. ഈ നടപടികൾ പൂർത്തിയായിട്ടില്ല.
പയ്യാവൂർ ബസ് സ്റ്റാൻഡിന് സമീപം പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പയ്യാറ്റ് വയലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ 13 വർഷം മുമ്പ് ഇവിടേക്ക് മാറ്റുകയായിരുന്നു.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിൽ ഫയലുകൾ പോലും സൂക്ഷിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. പ്രധാന ഹാൾ ഉൾപ്പെടെ ചോർന്ന് തറയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായതോടെ മേശപ്പുറത്ത് പാത്രം വച്ച് വെള്ളം പിടിക്കുകയാണ് പോലീസുകാർ ചെയ്യുന്നത്. എലി ശല്യം കാരണം ഫയലുകൾ സൂക്ഷിക്കാനും പോലീസുകാർ പ്രയാസപ്പെടുന്നു.
പോലീസുകാർക്ക് വിശ്രമമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ ഇവിടെ ഇല്ല. പ്രാഥമിക ആവശ്യങ്ങൾക്ക് സമീപത്തെ കൃഷിഭവനമാണ് പോലീസുകാർ ആശ്രയിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമോ പ്രതികളെ പാർപ്പിക്കാനാവശ്യമായ ലോക്കപ്പ് സൗകര്യമോ ഇല്ല. അറസ്റ്റ് ചെയ്യുന്ന പ്രതികളെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോകാറുള്ളത്. സ്റ്റേഷൻ ഹൗസ് ഓഫീസറും എസ്ഐയും നാല് വനിതാ പോലീസുകാരും ഉൾപ്പെടെ 36 പേരാണ് സ്റ്റേഷനിലുള്ളത്. ദുരിതം പേറി എത്ര കാലം ഇവിടെ ജോലി നോക്കേണ്ടി വരുമെന്നാണ് പോലീസുകാരുടെ ചോദ്യം.
………………………………………………….