• Sat. Jul 27th, 2024
Top Tags

രണ്ട് സമുദായങ്ങൾ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കിനിൽക്കുന്നു: വി.ഡി. സതീശൻ

Bydesk

Sep 14, 2021

തിരുവനന്തപുരം : സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിലാണ് സർക്കാരിന്റെ നിൽപ്പ്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്ന് വി.ഡി. സതീശൻ. സമൂഹ മാധ്യമങ്ങളിൽ ഇരു വിഭാഗങ്ങളെയും തമ്മിൽ അടുപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടത്തുന്നുണ്ട്. വിഷയത്തിൽ ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഒന്നിച്ചിരുത്തി ഒരു ചർച്ചയ്ക്ക് സർക്കാർ അവസരം ഉണ്ടാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം അനവസരത്തിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മതനേതാക്കൾ ഇതര സമുദായങ്ങൾക്കുമേൽ കടന്നു കയറിയാൽ മതേതര കേരളം അത് അനുവദിക്കില്ല. പരസ്പരം സ്പർധയുണ്ടാക്കുന്ന നിലപാടുകളെ ഒന്നിച്ചെതിർക്കണമെന്നും പാലാ ബിഷപ്പ് തിരുത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ ട്വന്റി ഫോറിനോട് പറഞ്ഞു.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *